തിരുവനന്തപുരം ; ദുരിതാശ്വാസ ഫണ്ട് പിരിവിന്റെ പേരിൽ ജനങ്ങളുടെ ചിലവിൽ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന മന്ത്രിമാർക്കും,ഉദ്യോഗസ്ഥരെയും പരിഹസിച്ച് നടൻ ജോയ് മാത്യൂവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ, മന്ത്രിമാർ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിക്കുന്നുണ്ട് . പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ടെന്നാണ് ജോയ് മാത്യൂ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.
നവകേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുന്നവർ പണപ്പിരിവിന്റെ കാര്യത്തിൽ എന്തിനാണ് പ്രതിപക്ഷത്തെ മാറ്റിനിർത്തുന്നത്.
ഇനി ജനങ്ങൾ സമ്മതിച്ചില്ലെങ്കിലും പോകുമെന്നാണ് വാശിയെങ്കിൽ ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളിൽ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ വിദേശരാജ്യങ്ങൾ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ വികസനം നിർവഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ടെന്നും ജോയ് മാത്യൂ പറയുന്നു.