കുവൈറ്റില്‍ വിദേശ എഞ്ചിനീയര്‍മാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം തീരുമാനമാകാതെ തുടരുന്നു.
വിസ പുതുക്കുന്നതിന് കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രം നിര്‍ബന്ധമാക്കി മാനവ വിഭവശേഷി വകുപ്പ് പുതിയ മാനദണ്ഡം കൊണ്ടുവന്നതാണ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരടങ്ങുന്ന വലിയൊരു വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന നിരവധി എഞ്ചിനീയര്‍മാരാണ് പുതിയ മാനദണ്ഡപ്രകാരം യോഗ്യരാക്കപ്പെട്ടത്.
ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്ക് നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന് (എന്‍ബിഎ) രജിസ്ട്രേഷന് ഉണ്ടെങ്കില്‍ മാത്രമേ സമ്മതപത്രം ലഭിക്കുകയുള്ളു. ഇന്ത്യയിലെ എഐസിടിഇ, യുജിസി, എന്‍എഎസി എന്നിവയില്‍ രജിസ്ട്രേഷന് ഉള്ളവര്‍ക്കുകൂടി സമ്മതപത്രം ലഭ്യമാക്കണമെന്ന ആവശ്യം ഇന്ത്യന്‍ എംബസി അധികൃതരുടെ മുന്നില്‍ ഉന്നയിക്കുകയും കുവൈറ്റില്‍ നിന്നും വിവിധ സംഘടന പ്രതിനിധികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നിവേദനം കൈമാറുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസിലാക്കുന്നതിനായി എഞ്ചിനീയേഴ്സ് സൊസൈറ്റി അധികൃതര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ ഗവണ്മെന്റ് അംഗീകൃത എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് കുവൈറ്റ് എംബസിക്ക് കൈമാറുകയും എംബസി അധികൃതര്‍ കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് നൂറുകണക്കിന് എഞ്ചിനീയര്‍മാരുടെ നിലനില്‍പ്പാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.