അബുദാബി ; യു എ ഇ യുടെ ആദ്യ ബഹിരാകാശ യാത്രക്കാരായി ഹസ അൽ മൻസൂരിയും, സുൽത്താൻ അൽ നയാദിയും .
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമാണ് ആദ്യ ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചത് .
4022 അപേക്ഷകരിൽ നിന്നുമാണ് ഹസ അൽ മൻസൂരിയെയും സുൽത്താൻ അൽ നയാദിയെയും ബഹിരാകാശ യാത്രക്കായി തിരഞ്ഞെടുത്തത്.ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരികളാണിവർ.
നാസയുമായി ചേർന്ന് ആറ് ഘട്ടങ്ങളായി നടത്തിയ ശാരീരിക മാനസിക വൈദ്യ പരിശോധനകൾക്ക് ശേഷമാണ് ഇവർക്ക് യാത്രാനുമതി ലഭിച്ചത്. റഷ്യൻ സ്പേസ് ഏജൻസിയിൽ ഇവർക്കായി പ്രത്യേക വൈദ്യ പരിശോധനകളും നടത്തി.
മുഴുവൻ അറബ് ജനതയുടെയും പ്രതിനിധികളായി ബഹിരാകാശ യാത്രക്കൊരുങ്ങുന്ന ഹസക്കും സുൽത്താനും അനുമോദനം നൽകുന്നതായും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. സ്വപ്നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാത്തവരാണ് അറബ് യുവതയെന്നും അവരുടെ സ്വപ്നങ്ങൾക്കായുള്ള ഭൗതിക സാഹചര്യങ്ങൾ യു.എ.ഇക്ക് ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.