തൃശൂര്‍: വനിതാ നേതാവിന്റെ പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് സംഘടനയിലെ വനിതാ നേതാവ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവന്‍ലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന് ലാലിനൊപ്പം യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. പ്രവേശനം ശരിയാക്കാന്‍ സഹായിക്കാമന്ന പേരിലാണ് ഇയാളും യുവതിക്കൊപ്പം എത്തിയത്. ഇതിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ നേതാവ് പരാതിയില്‍ പറയുന്നത്.
ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.