ബദര്‍വാ: കുടുംബത്തെ ഉപേക്ഷിച്ച് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന യുവാവിനോട് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍. ജമ്മു കശ്മീരില്‍ ദോഡ ജില്ലയിലെ ഗട്ട് സ്വദേശിയായ ഹാറൂണ്‍ അബ്ബാസ് വാണിയാണ് കുടുംബത്തെ ഉപേക്ഷിച്ച് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. എംബിഎ ബിരുദധാരിയായ ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വീടുവിട്ടത്. പിന്നീട് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന ഹാറൂണ്‍ കയ്യില്‍ എ.കെ 47 പിടിച്ച് നില്ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഹാറൂണിനോട് തിരികെ വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം മാധ്യമങ്ങളിലൂടെ സംസാരിച്ചത്. പ്രായമായ മാതാപിതാക്കളെ നോക്കുന്നതാണ് ഏറ്റവും വലിയ ജിഹാദ്. ഞങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെ മറ്റെന്താണ് നിനക്ക് വേണ്ടത്. നീ പോയതില്‍ പിന്നെ നിന്റെ ഉമ്മയും പിതാവും അസുഖമായി കിടപ്പിലാണ്. അവര്‍ക്ക് നിന്നെ കാണണം. നീ തിരിച്ചുവരണമെന്നും’ ഹാറൂണിന്റെ ബന്ധു ആവശ്യപ്പെട്ടു.
29കാരനായ ഹാറൂണ്‍ പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും ഇത്തരത്തില്‍ തീവ്രവാദ സംഘടനയില്‍ ചേരുന്നതിന്റെ യാതൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹാറൂണിന്റെ അമ്മാവന് പറഞ്ഞു.
അതേസമയം ഹാറൂണ്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും തിരികെ വരികയാണെങ്കില്‍ എല്ലാവിധ സഹായവും നല്‍കുമെന്നും സൈന്യവും അറിയിച്ചു.