തൃശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്.എല്‍.ജീവന്‍ലാലിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി സ്ഥാനത്ത് നിന്നും ജീവന്‍ലാലിനെ നീക്കിയിട്ടുണ്ട്.
പരാതിക്കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പാര്‍ട്ടി ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. പരാതിയില്‍ ജീവന്‍ലാലിനെതിരെ പൊലീസും കേസെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന് ലാലിനൊപ്പം യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. പ്രവേശനം ശരിയാക്കാന്‍ സഹായിക്കാമെന്ന പേരിലാണ് ഇയാളും യുവതിക്കൊപ്പം എത്തിയത്. ഇതിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ നേതാവ് പരാതിയില്‍ പറയുന്നത്.