ന്യൂഡല്‍ഹി: ജപ്പാനില്‍ നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങാനൊരുങ്ങുന്നു. 7000 കോടി രൂപക്കാണ് ഇത് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിന് പുറമെ ബുള്ളറ്റ് ട്രെയിന്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ജപ്പാന് നല്‍കും. കാവസാച്ചിയും ഹിറ്റാച്ചിയുമാകും രാജ്യത്ത് അതിനുള്ള സൗകര്യമൊരുക്കുന്നത്.
2022ല്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. 508 കിലോമീറ്ററോളം ദൂരം വരുമിത്. ജപ്പാന്റെ സഹായത്തോടെയാണ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ നിര്‍മിക്കുന്നത്.
ഓരോ ട്രെയിനിലും 10 കോച്ചുകള്‍ വീതമായിരിക്കും ഉണ്ടാവുക. 350 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുന്നത്.
18000ത്തോളം യാത്രക്കാരെയാണ് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ പ്രതീക്ഷിക്കുന്നത്. 12 സ്റ്റേഷനുകള്‍ ഉണ്ടാകും. ഗുജറാത്തില്‍ 350 കിലോമീറ്ററും മഹാരാഷ്ട്രയില്‍ 150 കിലോമീറ്ററും ഇതിനായി പാളം നിര്‍മിക്കും.