തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന നാഗാലാന്‍ഡ് ജനതയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ദുരിതം അനുഭവിച്ച സമയത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്ഡുകാരെന്നും, അവരുടെ സഹായം കേരളത്തിന് നല്‍കിയെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന നാഗാലാന്‍ഡ് ജനതക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്,
ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം.. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.