കൊൽക്കത്ത ; നായയുടെ കുര സഹിക്കാൻ കഴിയാതെ വന്ന യുവാവ് നായയുടെ ചെവി കടിച്ചുമുറിച്ചെടുത്തു. മദ്യലഹരിയിലാണ് യുവാവ് ഇത്തരമൊരു ‘പ്രതികാരം‘ നായയോട് ചെയ്തത്.
കൊൽക്കത്തയിലെ ഉത്തൻപാരയെന്ന സ്ഥലത്താണു കള്ളുകുടിച്ചു ബോധംപോയ ശംഭുനാഥ് ധാലിയെന്ന യുവാവ് നായയെ കടിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയാണ് ധാലി.
മദ്യപിച്ച് കഴിഞ്ഞാൽ നാട്ടുകാരുമായി വഴക്കുണ്ടാക്കുന്നതും,ബഹളമുണ്ടാക്കുന്നതും ധാലിയ്ക്ക് പതിവാണ്.അതിനു ശേഷം ഉത്തൻപാരയിലെ തെരുവ് വീഥിയിൽ തന്നെ കിടന്നുറങ്ങും. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയും മദ്യപിച്ചെത്തിയ ധാലി പതിവ് ബഹളങ്ങൾക്ക് ശേഷം ഉറങ്ങാൻ നടപ്പാതയിലേക്കെതിയപ്പോഴാണ് ഇരുട്ടിൽ നിന്നും നായ്ക്കൾ കുരച്ച് ചാടിയത്.
ദേഷ്യം വന്ന ധാലി കുരച്ചുകൊണ്ട് ചാടിയ നായയിൽ ഒരെണ്ണത്തിനെ കടന്നുപിടിച്ച് ചെവിയിൽ ആഞ്ഞുകടിച്ചു.നായയുടെ ചെവി മുറിയുന്നതുവരെ ഇയാൾ കടിവിട്ടില്ല. വേദനകൊണ്ട് നായ ഓരിയിട്ടതോടെ മറ്റുനായ്ക്കളും ധാലിയെ കടിയ്ക്കാനായെത്തി.ഇവയെ ധാലി ആട്ടിയോടിച്ചു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് നായയെ അടിച്ചോടിച്ച ശേഷം ധാലിയെ പൊലീസിൽ ഏൽപ്പിച്ചത്.