ഗുവഹാത്തി ; ഗുവഹാത്തിയ്ക്ക് സമീപം ബ്രഹ്മപുത്രയിൽ ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു. 25 ലേറെ പേരെ കാണാതായി.
തീരത്തിന് 200 മീറ്റർ അകലെവച്ചാണ് ബോട്ടു മുങ്ങിത്താഴ്ന്നതെന്നാണു വിവരം. ബോട്ടു യാത്രികരിലേറെയും വിദ്യാർഥികളാണ്.അസം ഇൻലൻഡ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ അനുമതിയോടെ സർവീസ് നടത്തിയിരുന്ന സ്വകാര്യ യാത്രാബോട്ടാണ് അപകടത്തിൽപ്പെട്ടത്.
നദിയിൽ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപകടം. ഇതോടെ ബോട്ട് രണ്ടായി പിളർന്നു. ചിലർ നീന്തി കരയ്ക്കെത്തി.
22 പേർക്കാണ് യാത്ര ചെയ്യാൻ ടിക്കറ്റ് നൽകിയിരുന്നത്.എന്നാൽ ബോട്ടിൽ അതിലേറെ പേർ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടവർ പറഞ്ഞു.ഒപ്പം 18 ലേറെ സൈക്കിളുകളും ബോട്ടിലുണ്ടായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.