Kerala

വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിര തന്നെയുണ്ടാവും: മുരളി തുമ്മാരുകുടി

കൽപ്പറ്റ: കേരളത്തിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് വയനാട് കുറിച്യർ മലയിൽ ഉണ്ടായതെന്ന് ഐക്യരാഷട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. വിദഗ്ദ്ധ പഠനത്തിന് ശേഷം മാത്രമേ പരിസ്ഥിതി ലോലമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാവും. പ്രധാനമായും വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പ്പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മലമുകളില്‍ വീടുകളും റോഡുകളും നിര്‍മ്മിക്കാനുള്ള സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കാന്‍ കേരളത്തിനും കഴിയണം. നവകേരള നിര്‍മ്മാണം പഴയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണമായിരിക്കരുതെന്നും ചിന്താഗതികളില്‍ മാറ്റം വരണമെന്നും ദുരന്തത്തെ നേരിട്ട മാനസികനില നിലനിറുത്താന്‍ മലയാളികള്‍ക്കു കഴിയണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

ഭൂമിയുടെ വില നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സുസ്ഥിര വികസനത്തിന് കേരളത്തില്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ മിക്കവരും വീടും ഭൂമിയും നിക്ഷേപമായി കാണുന്നതാണ് പരിസ്ഥിതിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിനുമാറ്റമുണ്ടാകണം. കൃഷിഭൂമി കൃഷിഭൂമിയായി തന്നെ സംരക്ഷിക്കാന്‍ കഴിയണം. അത്തരത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന മികച്ച മാതൃകകള്‍ ലോകത്തുണ്ട്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് 25 ശതമാനം കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും കാരണം. ക്വാറി വസ്തുക്കള്‍ക്ക് ഡിമാന്റ് ഉണ്ടാക്കുന്നവരാണ് പ്രധാന പ്രശ്‌നം. കേരളത്തില്‍ നിലവില്‍ തന്നെ ലക്ഷക്കണക്കിന് വീടുകള്‍ ആളില്ലാത്ത അവസ്ഥയുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പു വരെ കാലാവസ്ഥാ വ്യതിയാന വിഷയങ്ങളില്‍ മലയാളികള്‍ വേണ്ടത്ര താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ അതില്‍ മാറ്റമുണ്ടായത് ഹ്രസ്വ കാലത്തേക്കെങ്കിലും കേരളത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ക്കും വേദിയൊരുക്കും. ഈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ദുരന്തനിവാരണ പ്ലാന്‍ ഉണ്ടാക്കണം. അവ കുട്ടികളില്‍ കൂടുതല്‍ അവബോധം വളര്‍ത്തുകയും ചെയ്യും. നഗര പ്ലാനിംഗിലടക്കം സ്വീകരിച്ചു വരുന്ന അശാസ്ത്രീയ രീതികള്‍ക്കു മാറ്റമുണ്ടാകാനും പുതിയ ചര്‍ച്ചകള്‍ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സാങ്കേതികത്വം കുറവാവശ്യമുള്ള ജോലികളാണ് കോണ്‍ക്രീറ്റ് നിര്‍മ്മാണ രീതികള്‍. അവയുടെ ഉപയോഗം കുറയ്‌ക്കേണ്ട കാലമതിക്രമിച്ചു കഴിഞ്ഞെന്നും പുതിയ കാലത്ത് ശാസ്ത്രീയമായ രീതികളാണ് അവലംബിക്കേണ്ടതെന്നും മുരളി തുമ്മാരുകുടി സൂചിപ്പിച്ചു.

616 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close