ഇടുക്കി : സംസ്ഥാനത്ത് ഡാം മാനേജ്മെന്റിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന് പിടി തോമസ്. ഡാമുകൾ ഒരുമിച്ച് തുറക്കാൻ ആരാണ് നിർദ്ദേശം നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം. ചെറുതോണി അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കിയ ജലത്തിന്റെ അളവ് സംബന്ധിച്ച് തമിഴ്നാടിന്റെയും സംസ്ഥാനത്തിന്റെയും കണക്കിൽ വലിയ അന്തരമുണ്ട്.
ഇടുക്കി കളക്ടർ മാത്രമാണ് ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകിയത്. കാലവർഷത്തിൽ ഡാമിൽ ജലം പിടിച്ചു നിർത്തിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം .കാലവർഷക്കെടുതിയിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും പിടി തോമസ് എം.എൽ.എ ഇടുക്കിയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം