India

ബഹിരാകാശ യാത്രക്കാർക്ക് ധരിക്കാൻ പ്രത്യേക സ്പെയ്സ് സ്യൂട്ടുമായി ഐഎസ്ആർഒ

ബെംഗളൂരു : ബഹിരാകാശ ദൗത്യത്തില്‍ യാത്രികര്‍ക്ക് ധരിക്കാനുള്ള ബഹിരാകാശ വസ്ത്രം ഐ.എസ്.ആര്‍.ഒ പുറത്തിറക്കി.

ബെംഗളൂരുവില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനത്തിന്റെ ആറാം പതിപ്പിലാണ് ഈ വസ്ത്രങ്ങൾ പ്രദർശിപ്പിച്ചത്.2022 ൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യൻ പദ്ധതിക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്.

വിക്രം സാരാഭായ് സ്‌പെയിസ് സെന്ററില്‍ രണ്ട് വര്‍ഷം കൊണ്ടാണ് ഇത് തയ്യാറാക്കിയത്.ഓറഞ്ച് നിറത്തിലുള്ള ഈ സ്യൂട്ട് ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ്. ഇത്തരത്തിൽ രണ്ട് സ്യൂട്ടാണ് ഐ.എസ്.ആര്‍.ഒ നിര്‍മിച്ചിട്ടുള്ളത്.

ഇതോടൊപ്പം യാത്രയില്‍ ബഹിരാകാശ യാത്രികര്‍ക്ക് ഇരിക്കാനുള്ള ക്രൂ മോഡലും ,അപകട സമയത്ത് ഉപയോഗിക്കാനുള്ള ക്രൂ എസ്‌കേപ്പ് മോഡലും ഐ.എസ്.ആര്‍.ഒ പുറത്തിറക്കിയിട്ടുണ്ട്.

ബഹിരാകാശ യാത്രയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ മൂന്ന് യാത്രികര്‍ക്ക് ഈ ക്രൂ മോഡല്‍ ക്യാപ്‌സുളില്‍ താമസിക്കാന്‍ പറ്റും.

ഓരോ 1.5 മണിക്കൂറിലും ഈ ക്യാപ്‌സ്യൂള്‍ ഭൂമിക്ക് ചുറ്റും വലംവെക്കും. ഈ സമയങ്ങളില്‍ യാത്രികര്‍ക്ക് സൂര്യോദയവും, അസ്തമനവും അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. ഒപ്പം ഓരോ 24 മണിക്കൂറിലും 2 തവണ ഇന്ത്യയെ കാണാന്‍ കഴിയും.

ഈ സമയത്ത് സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്താനും സാധിക്കും.

വാഹനം പുറപ്പെട്ട് ഭ്രമണപഥത്തില്‍ എത്താന്‍ 16 മിനിട്ടും തിരിച്ച് ഭൂമിയില്‍ എത്താന്‍ 36 മിനിട്ടുമാണ് വേണ്ടിവരിക. യാത്ര അവസാനിപ്പിച്ച് അറബിക്കടലിലെ ഗുജറാത്ത് അതിര്‍ത്തിയില്‍ ക്യാപ്‌സുള്‍ പതിക്കും. അവിടെ ബഹിരാകാശ യാത്രക്കാരെ കാത്ത് ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും നില്‍ക്കുന്നുണ്ടാവും.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close