സത്യമപ്രിയം

‘നഷ്ടപ്പെടാന്‍ ഒന്നുമില്ലീ കൈവിലങ്ങുകളല്ലാതെ’

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളം പ്രളയദുരന്തത്തില്‍പ്പെട്ട് പ്രാണന് പിടയുമ്പോഴാണ് ഡി വൈ എഫ് ഐയുടെ വനിതാ നേതാവിന്റെ പരാതി സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ടിനും ലഭിച്ചത്. ഇങ്ങനെയൊരു പരാതി കിട്ടിയെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവമെങ്കിലും സീതാറാം യെച്ചൂരി കാട്ടി. സംസ്ഥാന നേതൃത്വത്തോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വൃന്ദ കാരാട്ട് ആകട്ടെ മറ്റൊരു ചിത്രമാണ് ഡല്‍ഹിയില്‍ ദേശീയ മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ചത്. കിട്ടിയ പരാതി താന്‍ രഹസ്യമാക്കി വെച്ചിട്ടില്ലെന്നും നടപടിയെടുക്കാന്‍ പറഞ്ഞുവെന്നും മാത്രമല്ല, താന്‍ ഇരയോടൊപ്പമാണെന്നും അവര്‍ ആവര്‍ത്തിച്ചു. ഇരയോടൊപ്പമായിരുന്നെങ്കില്‍ വൃന്ദ കാരാട്ട് ആ പരാതിയില്‍ പീഡകനായ പി കെ ശശി എം എല്‍ എയ്ക്ക് എതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയോ നടപടിയെടുത്തെന്ന് ഉറപ്പാക്കുകയോ ചെയ്യേണ്ടിയിരുന്നില്ലേ? പരാതി അയച്ച ഡി വൈ എഫ് ഐ വനിതാ നേതാവിനെ ഒരിക്കലെങ്കിലും ടെലിഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കാനെങ്കിലും വൃന്ദ കാരാട്ടോ മറ്റു നേതാക്കളോ തയ്യാറായില്ല എന്നതും സത്യമാണ്.

വൈശാഖാ കേസിലെ സുപ്രീം കോടതി ഉത്തരവും നിരവധി കേസുകളിലെ വിധികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ മാനദണ്ഡവും ഈ തരത്തിലുള്ള ഒരു പരാതി ലഭിച്ചാല്‍ അത് പോലീസിന് നല്‍കി നടപടിയെടുക്കണമെന്നാണ്. പരാതി ലഭിച്ച് അഞ്ചുദിവസത്തിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. ഈ ചട്ടമനുസരിച്ചാണ് എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ കുറ്റകൃത്യം മറച്ചുവെച്ചതിന് തീയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. തീയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത നിയമം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പോളിറ്റ്ബ്യൂറോ അംഗമായ വൃന്ദ കാരാട്ടിനും ബാധകമല്ലേ? ഇന്ത്യന്‍ ശിക്ഷാനിയമത്തിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലും സി പി എം നേതാക്കള്‍ക്ക് മാത്രമായി ഒരു നിയമവും മറ്റു പൗരന്മാര്‍ക്ക് വ്യത്യസ്ത നിയമവും പറഞ്ഞിട്ടില്ല. ‘POLICE’ എന്ന് എഴുതാന്‍ അറിയില്ലെങ്കിലും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം നന്നായിട്ടറിയാം. അതുകൊണ്ടാണ് ഇത് പാര്‍ട്ടിയിലെ കാര്യമാണെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഒക്കെ പറഞ്ഞ് തടിതപ്പാന്‍ നോക്കിയത്.

പി കെ ശശി എം എല്‍ എയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി അന്വേഷിച്ച് പാര്‍ട്ടി നടപടിയെടുത്താല്‍ മതിയെങ്കില്‍ തിരുവനന്തപുരത്തെ എം എല്‍ എ ആയിരുന്ന എം പി വിന്‍സെന്റിന് എതിരെ ഉയര്‍ന്ന പരാതി തിരുവനന്തപുരം ഡി സി സിയും പീതാംബരക്കുറുപ്പിന് എതിരെ ചലച്ചിത്രനടി ഉയര്‍ത്തിയ പരാതി കൊല്ലം ഡി സി സിയും അന്വേഷിച്ചാല്‍ മതിയാകുമായിരുന്നില്ലേ? എം പി വിന്‍സെന്റിനെ ഇത്രയും ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നോ? അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് അച്ചന്മാരുടെ കാര്യം ഓര്‍ത്തഡോക്‌സ് സഭയും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കന്യാസ്ത്രീയുടെ പരാതി ജലന്ധര്‍ അതിരൂപതാ കമ്മിറ്റിയും അന്വേഷിച്ചാല്‍ പോലീസിന് എന്ത് പണിയാണ് ഉണ്ടാവുകയെന്ന് സഖാവ് കോടിയേരി വിശദീകരിച്ചാല്‍ നന്നായിരിക്കും. ഈ മാനദണ്ഡമനുസരിച്ചാണെങ്കില്‍ കൊലപാതക കേസുകളടക്കം മറ്റു കേസുകള്‍ കൂടി അന്വേഷിക്കാന്‍ അതത് പാര്‍ട്ടികളില്‍ സംവിധാനമുണ്ടാക്കാന്‍ കോടിയേരി തന്നെ മുന്‍കൈ എടുത്താല്‍ നന്നായിരിക്കും. കാറഡുക്കയില്‍ യു ഡി എഫ് സഖ്യകക്ഷിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സും ഇടതുമുന്നണിയും തമ്മില്‍ ദേശീയതലത്തില്‍ തന്നെ ഒന്നിച്ച് നീങ്ങുകയും ചെയ്യുമ്പോള്‍ ഈ നീക്കം മെച്ചപ്പെട്ട പരസ്പര സഹായ സഹകരണ സംഘമായിരിക്കും. കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിക്കും നടപടിക്കുമൊന്നും താല്പര്യമുള്ളവരല്ല. തന്തൂരി അടുപ്പില്‍ ഇരയെ ചുട്ടുകൊന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി തലത്തിലുള്ള അന്വേഷണമെന്ന് പറഞ്ഞാല്‍ നല്ല സന്തോഷമുള്ള കാര്യമായിരിക്കും. പഴയ സ്ഥിരം അന്വേഷണ കമ്മീഷന്‍ ‘തെന്നല ഏമാന്‍’ ഇപ്പോള്‍ പ്രത്യേകിച്ച് പണിയില്ലാതെ ഇരിക്കുകയുമാണ്.

സി പി എം കോട്ടയം സമ്മേളനത്തില്‍ ചാറ്റല്‍മഴയില്‍ തലയില്‍ തോര്‍ത്തുമുണ്ട് ഇട്ട് വന്ന പിണറായി വിജയന്‍ വി എസ് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കു നേരെ കയര്‍ത്തുകൊണ്ട് പറഞ്ഞ ഒരു വാചകം ലൈവായി എല്ലാ മാധ്യമങ്ങളിലും വന്നതാണ്. ഈ പാര്‍ട്ടി നിങ്ങള്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടിയല്ല. ഉള്ളില്‍ വെള്ളവും നിറച്ച് തോന്നുംപോലെ പെരുമാറാന്‍ ഇവിടെ കഴിയില്ല എന്നായിരുന്നു പിണറായിയുടെ ഭാഷ്യം. എം എല്‍ എ ഹോസ്റ്റലിലെ വഴിവിട്ട പെരുമാറ്റങ്ങള്‍ക്കെതിരെ കേരള രാഷ്ട്രീയത്തിലെ കുലീനമുഖങ്ങളില്‍ ഒന്നായിരുന്ന അന്നത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നടപടികള്‍ എടുത്തപ്പോഴും ചെറുക്കാന്‍ രംഗത്തുണ്ടായിരുന്നത് സി പി എം ആയിരുന്നു. പിണറായി പറഞ്ഞ ആ വ്യത്യസ്തമായ പാര്‍ട്ടിയുടെ നേതാവ് തന്നെയാണ് നിയമസഭാ സാമാജികരുടെ ഹോസ്റ്റലില്‍ വെച്ച് ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചത്. എന്തുകൊണ്ടാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇക്കാര്യത്തിലും നടപടി എടുക്കാതിരുന്നത്? ഇതും പാര്‍ട്ടി അന്വേഷിക്കട്ടെ എന്നുപറഞ്ഞ് എഴുതി തള്ളാനാണോ പരിപാടി? മുഖം രക്ഷിക്കാന്‍ തല്ക്കാലത്തേക്കെങ്കിലും ഡി വൈ എഫ് ഐ നേതാവിനെ സംഘടനയില്‍ നിന്നു പുറത്താക്കി. ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ചവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവരൊക്കെ പിന്നീട് പഴയ ലാവണങ്ങളില്‍ തുടരുന്ന കാഴ്ച കേരളം കണ്ടതാണ്.

ഷൊര്‍ണ്ണൂര്‍ എം എല്‍ എ, പി കെ ശശി സി പി എമ്മിന്റെ ചരിത്രത്തിന്റെ, പാരമ്പര്യത്തിന്റെ പ്രതീകമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ തനിക്കെതിരെ എന്തു പരാതി, ഏത് പരാതി, പരാതിയുടെ പകര്‍പ്പ് നിങ്ങളുടെ കൈയിലുണ്ടോ എന്നൊക്കെ ചോദിച്ച് പി കെ ശശിമാധ്യമങ്ങള്‍ വേട്ടയാടുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലാണ് സി പി എമ്മിനെ വെള്ളത്തിലാക്കിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടു ത്ത ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ 15 ദിവസത്തിനകം പോലീസ് നടപടിയുണ്ടായില്ലെങ്കില്‍ സ്വന്തമായി അന്വേഷണ കമ്മീഷനെ വെയ്ക്കുമെന്ന് വ്യക്തമാക്കി. ഇതോടെയാണ് പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷിക്കാന്‍ പി കെ ശ്രീമതിയെയും മന്ത്രി എ കെ ബാലനെയും നിയോഗിച്ചതായി പത്രക്കുറിപ്പ് ഇറക്കിയത്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടതിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുത്തതെന്ന യെച്ചൂരിയുടെ സൂചന പത്രക്കുറിപ്പില്‍ നിരാകരിച്ചു. സാമൂഹ്യ മാധ്യമങ്ങളും ദേശീയ വനിതാ കമ്മീഷനും ഇക്കാര്യത്തില്‍ ഇടപെട്ടപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് തെറ്റ് എല്ലാവര്‍ക്കും പറ്റുന്നതല്ലേ എന്ന ന്യായവാദം ഉയര്‍ത്തിയത് ശ്രദ്ധേയമായി. വനിതാ കമ്മീഷന്‍ വനിതകളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരത്തിനും ഉള്ളതാണ്. കുമ്പസരിക്കുമ്പോള്‍ അച്ചന്മാര്‍ ചൂഷണം ചെയ്യും, പാര്‍ട്ടി ആയാല്‍ സ്ത്രീ പീഡനം അടക്കമുള്ള ചെറിയ ചെറിയ തെറ്റുകള്‍ സംഭവിക്കും തുടങ്ങിയ ജോസഫൈന്റെ മൊഴിമുത്തുകള്‍ ആധുനിക ലോകത്തെ രജതരേഖകളാണ്. എം എല്‍ എ ആയില്ലെങ്കിലും ഈ തങ്കക്കുടത്തിനെ പിണറായി നേരിട്ട് മന്ത്രിയാക്കി സംരക്ഷിക്കേണ്ടതാണ്. വര്‍ഗ്ഗീയ വിഷവും അതിനേക്കാളുപരി പാര്‍ട്ടി വിഷവും വമിപ്പിക്കുന്ന ഈ വിഷജീവി എങ്ങനെയാണ് വനിതകളുടെ ക്ഷേമം രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഉറപ്പാക്കുക?

പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതൊന്നും വലിയ തെറ്റുകളല്ല. നിരോധനവേളയില്‍ ഒളിത്താവളമൊരുക്കിയ വീടുകളില്‍, ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു പോന്ന ചരിത്രം ഒളിവിലെ ഓര്‍മ്മകളില്‍ തോപ്പില്‍ ഭാസിയും മറ്റു പല പുസ്തകങ്ങളിലായി പല പ്രതിഭാശാലികളും വരച്ചുകാട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സി പി എമ്മിന് ഇതൊന്നും വലിയ തെറ്റല്ല, കുറ്റമല്ല. കേരളത്തിലെ ജനങ്ങള്‍ പാവങ്ങളാണ്. പലതും പെട്ടെന്ന് മറക്കും. സരിതയുടെ കത്തു വെച്ച് കഴിഞ്ഞ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി താഴെയിറക്കിയവര്‍ക്ക് പി കെ ശശിയുടെ കാര്യം വരുമ്പോള്‍ മിണ്ടാട്ടമില്ലാതാകുന്നത് കൗതുകകരമായ കാഴ്ചയാണ്. സരിതയുടെ പരാതിയില്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ട് പി കെ ശശിയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നത് ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത സി പി എമ്മിനുണ്ട്. കിളിരൂര്‍ കേസിലും വി ഐ പി ആരാണെന്ന് ഇതുവരെ വി എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതാക്കളും മക്കളുമൊക്കെ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകളും കൊലക്കേസുകളും എന്തായെന്ന് കേരളം കണ്ടതാണ്.

പാര്‍ട്ടിയാണ് ദൈവമെന്നും പാര്‍ട്ടിയാണ് ജീവിതമെന്നും വിശ്വസിച്ചും ഉറപ്പിച്ചും ഏതു സമയത്തും വിശ്വാസത്തോടെ പാര്‍ട്ടി ഓഫീസില്‍ കയറിയിറങ്ങിയിരുന്ന പെണ്‍കുട്ടികളുടെ ഭാവി എന്തായിരിക്കുമെന്ന് ശശിയെ ന്യായീകരിക്കുന്ന കോടിയേരി എപ്പോഴെങ്കിലും ആലോചിക്കുമോ? സ്ത്രീപീഡനക്കേസിലെ പരാതി കിട്ടിയാല്‍ പോലീസില്‍ ഏല്‍പ്പിച്ച് അന്വേഷണം നടത്താതെ എല്ലാ നിയമവും ലംഘിച്ച് ഒരു സംസ്ഥാന മന്ത്രിക്ക് എങ്ങനെ പാര്‍ട്ടി അന്വേഷണത്തില്‍ പങ്കാളിയാകാന്‍ ആകും? ഇത് സത്യപ്രതിജ്ഞാ ലംഘനവും ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയുമല്ലേ? ആരോടും പ്രീതിയോ അപ്രീതിയോ പുലര്‍ത്തില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക്, ഭരണഘടനയോടുള്ള കൂറ് അചഞ്ചലമായി തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് എങ്ങനെയാണ് പോലീസ് നടപടിയില്ലാതെ പാര്‍ട്ടി തലത്തില്‍ പീഡനക്കേസ് ഒതുക്കാനാവുക? നാലായിരത്തി അഞ്ഞൂറോളം ശമ്പളം പറ്റുന്ന മുഴുവന്‍ സമയ പ്രവര്‍ത്തകരുള്ള സി പി എം തൊഴിലിടങ്ങളുടെ പരിധിയില്‍ വരില്ലേ എന്ന കാര്യവും നിയമവിദഗ്ദ്ധര്‍ പരിശോധിക്കേണ്ടതാണ്.

എല്ലാ കാര്യങ്ങളിലും സി പി എമ്മിന്റെ നിലപാടിനെ വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും എതിര്‍ത്തിരുന്ന സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍ ഇക്കാര്യത്തിലെങ്കിലും വല്യേട്ടനൊപ്പമാണ്. സി പി എം നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ച് കാനം പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തു. അങ്ങനെ ഗൗരവമുള്ള കാര്യം വരുമ്പോള്‍ നമ്മള്‍ ഒന്നാണെന്നും ഒരേ തൂവല്‍പ്പക്ഷികളാണെന്നും തെളിയിച്ച കാനത്തിനെ അഭിനന്ദിക്കാതിരിക്കാനാകില്ല. ഏതായാലും സ്ത്രീ പീഡനത്തില്‍ കൂടി പിണറായി പറഞ്ഞ ‘ ആ വ്യത്യസ്തമായ പാര്‍ട്ടി’ ഒരു പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുകയാണ്. വനിതാ സഖാക്കള്‍ക്കായി ആ പഴയ പാട്ടിന്റെ വരി ഒന്നുകൂടി പാടാം, ‘നഷ്ടപ്പെടാന്‍ ഒന്നുമില്ലീ കൈവിലങ്ങുകളല്ലാതെ’. കൈവിലങ്ങുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സി പി എമ്മിലെ എല്ലാ ശശിമാര്‍ക്കും ശിങ്കിടി പാടുന്ന കോടിയേരിക്കും കാനത്തിനും പ്രളയദുരന്തത്തിന്റെ നടുവിലും നമുക്ക് നന്മകള്‍ ആശംസിക്കാം. ശശിക്കെതിരെയും നടപടി ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ യെച്ചൂരിക്ക് കത്തയച്ചു. തരം കിട്ടുമ്പോള്‍ ഇങ്ങനെ ഒളിയമ്പ് എയ്യുന്നതിനു പകരം തരിമ്പെങ്കിലും ആണത്തം വി എസ്സിന് ഉണ്ടെങ്കില്‍ കിളിരൂര്‍ കേസിലെ വി ഐ പി ആരാണെന്ന് പൊതുസമൂഹത്തോട് തുറന്നുപറയാന്‍ തയ്യാറാകണം. ഒരു വൃദ്ധസിംഹത്തെ അപമാനിക്കാനല്ല ഇത് പറയുന്നത്. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനം ഇരന്നുവാങ്ങി പിണറായി പറഞ്ഞ ഐ എം ജി യുടെ മൂലയിലേക്ക് ഒതുങ്ങിയപ്പോള്‍ തന്നെ വി എസ്സിനെ കുറിച്ചുള്ള എല്ലാ ബഹുമാനവും നഷ്ടമായതാണ്. പറഞ്ഞതെല്ലാം വിഴുങ്ങി, അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കുവേണ്ടി കീഴടങ്ങിയ വി എസ്സിന് ഇനിയെങ്കിലും ചെയ്യാനാവുന്നത് അത് മാത്രമാണ്

47 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close