ന്യൂഡൽഹി: 2022 ഓടെ നവഭാരതം യാഥാർത്ഥ്യമാകുമെന്ന് ബിജെപി. ദേശീയ നിർവാഹക സമിതി യോഗത്തിലവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദാരിദ്യ്ര മുക്ത – ഭീകര മുക്ത ഭാരതം യാഥാർത്ഥ്യമാകും. രാജ്യസുരക്ഷാ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
നിരാശാജനകമായ അവസ്ഥയാണ് പ്രതിപക്ഷത്തിനിപ്പോഴെന്നും അവർക്ക് മികച്ച നയങ്ങളോ മുന്നോട്ട് നയിക്കാൻ നല്ല നേതാക്കളോ ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. പ്രധാനമന്ത്രിയെ എതിർക്കുക എന്നത് മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ സ്വീകരിക്കുന്ന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ജനസമ്മതിയാർജിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലേറി നാല് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്നും ഇപ്പോഴും 70 ശതമാനം പേരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ജാവ്ദേക്കർ വ്യക്തമാക്കി.