ദുബായ്: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നേടി 6 മാസത്തെ താൽക്കാലിക തൊഴിൽ വിസ നേടിയ ഇന്ത്യക്കാരായ തൊഴിലന്വേഷകർക്കായി ഇന്ത്യൻ എംബസി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഈ മാസം 16 ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് തൊഴിൽ മേള നടക്കുക.
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി തൊഴിലന്വേഷകരായ നിയമലംഘകർക്ക് ആവശ്യമെങ്കിൽ ഉപാധികളോടെ ആറ് മാസത്തെ വിസ അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ താൽക്കാലിക തൊഴിൽ വിസ ലഭിച്ച ഇന്ത്യക്കാരായ തൊഴിലന്വേഷകർക്കായാണ് ഇന്ത്യൻ എംബസി തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ഈ മാസം 16 ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ രാവിലെ 9 മണി മുതൽ 2 മണിവരെയാണ് തൊഴിൽ മേള നടക്കുക.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വിസ എന്നിവയുടെ കോപ്പിയുമായി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ എത്തണം. 10 മുതൽ 15 വരെ കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു.
പൊതുമാപ്പിന്റെ ഭാഗമായി 500 ദിർഹം നൽകിയാൽ ആറ് മാസത്തേയ്ക്ക് താത്കാലിക വിസ അനുവദിക്കും. നിരവധി ഇന്ത്യക്കാരാണ് ഇത്തരത്തിൽ വിസ എടുത്തിട്ടുള്ളത്.