കോട്ടയം: ചരിത്രപ്രസിദ്ധമായ നീലംപേരൂര്‍ പൂരംപടയണിക്ക് വര്‍ണ്ണാഭമായ സമാപനം. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും പൂക്കളുടെയും അഴകോടെയും അന്നങ്ങള്‍ പടയണിക്കളത്തിലെത്തി. ചിങ്ങമാസത്തിലെ അവിട്ടം നാളിലാണ് പടയണി ഉത്സവം ആരംഭിച്ചത്.
https://www.youtube.com/watch?v=G8C-EtbwaWY
ചേരസാമ്രജ്യത്തിനധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ കോട്ടയത്തിന് സമീപം നീലംപേരൂരില്‍ എത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് പള്ളിഭഗവതി ക്ഷേത്രത്തില്‍ നാടൊരുമിച്ച് പടയണി ഉത്സവം ആഘോഷിക്കുന്നത്. പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കലോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുടംപൂജകളി, അനുജ്ഞാവാങ്ങല്, തോത്താകളി എന്നീ ചടങ്ങുകള്‍ മുറപോലെ. പിന്നാലെ പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം. പടയണിക്കോലങ്ങളുടെ വായ്ത്താരികളില്‍ ഇക്കുറി പ്രളയവും ഇടംപിടിച്ചു.
ക്ഷേത്രമൈതാനത്തെ ആലിന്ചില്ലകളെ വകഞ്ഞുമാറ്റി വല്യന്നങ്ങള്‍ പടയണിക്കളത്തിലേക്കെത്തി. ആര്‍പ്പുവിളികളുടെയും വാദ്യമോളങ്ങളുടെയും അകമ്പടിയോടെ ഭക്തര്‍ അന്നങ്ങളെ എതിരേറ്റു. കോലങ്ങളും സിംഹവാഹനവും പൊയ്യാനയും പടയണിക്കളത്തിലേക്കെത്തി.