India

ഭീകര നേതാക്കൾ ആഡംബര ജീവിതത്തിൽ : വെടിയും പുകയും കേഡറുകൾക്ക് : മനം മടുത്ത് കീഴടങ്ങാൻ നിരവധി പേർ : ജനപ്രിയ പദ്ധതികളും ഒപ്പം സൈനിക ഇടപെടലുകളുമായി കേന്ദ്രസർക്കാർ : നടുവൊടിഞ്ഞ് കമ്യൂണിസ്റ്റ് ഭീകരത

ന്യൂഡൽഹി : രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരതയുടെ സ്വാധീനം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം കീഴടങ്ങിയ കേഡറുകളുടെ എണ്ണം നാനൂറോളം വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.ഭീകര നേതാക്കളുടെ ആഡംബര ജീവിതവും ഭീകരതയോടുള്ള സർക്കാരിന്റെ കടുത്ത സമീപനവുമാണ് കേഡറുകളെ കീഴടങ്ങാൻ നിർബന്ധിതരാക്കുന്നത്. സർക്കാർ പദ്ധതികൾ ജനങ്ങളെ സ്വാധീനിക്കുന്നുവെന്നതും ചുവപ്പ് ഭീകര പാത വെടിയാൻ കാരണമാകുന്നുണ്ടെന്നാണ് കരുതുന്നത്.

അറസ്റ്റിലായ കേഡറുകളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത് . ഭീകര നേതാക്കൾ കേഡറുകളെ മറന്ന് ആഡംബര ജീവിതം നയിക്കുമ്പോൾ സൈന്യവുമായി ഏറ്റുമുട്ടുന്ന കേഡറുകളുടെ അവസ്ഥയാണ് തങ്ങളെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്ന് കീഴടങ്ങിയവർ പറയുന്നു. യുവനേതാക്കൾ ഒന്നും കമ്യൂണിസ്റ്റ് ഭീകര സംഘടനകളെ നയിക്കാനില്ലെന്നതും ശ്രദ്ധേയമാണ്.

2017 ൽ 1888 ഭീകരർ പിടിയിലായപ്പോൾ 685 പേരാണ് കീഴടങ്ങിയത് . ഈ വർഷം ഇതുവരെ 1178 പേർ പിടിയിലായി. 359 പേർ കീഴടങ്ങുകയും ചെയ്തു. മാത്രമല്ല ഭീകരരിൽ നിന്ന് പിടികൂടുന്ന സ്ഫോടകവസ്തുക്കളിലും ഗണ്യമായ കുറവുണ്ട്. പഴയതു പോലെ മൈനുകൾ പാകാനും സായുധ സൈന്യത്തെ അപകടത്തിൽ പെടുത്താനും കമ്യൂണിസ്റ്റ് ഭീകരതക്ക് കഴിയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കമ്യൂണിസ്റ്റ് ഭീകരത പിടിമുറുക്കിയ ഛത്തീസ്ഗഡിൽ സിആർപിഎഫ് ബസ്തരീയ വിഭാഗത്തിലെ 188 ഒഴിവുകളിൽ പ്രദേശത്ത് നിന്ന് ഗോത്രവിഭാഗങ്ങളിലുള്ള എണ്ണായിരം പേരാണ് അപേക്ഷിച്ചത്. അക്രമ പരിപാടികളല്ല വികസനമാണ് ഗോത്രമേഖലയ്ക്ക് വേണ്ടതെന്ന നിലപാടാണ് പ്രധാനമായും കമ്യൂണിസ്റ്റ് ഭീകരതയെ തകർക്കുന്നത്. കീഴടങ്ങിയവരും ഇതേ അഭിപ്രായം പങ്കു വയ്ക്കുന്നു. ഈയിടെ കീഴടങ്ങിയ ഭീകര നേതാക്കളായ ജമ്പണ്ണ , പഹദ് സിംഗ് എന്നിവരും ഇതാണ് അഭിപ്രായപ്പെടുന്നത്. ഗോത്രജനതക്ക് വേണ്ടി ചുവപ്പൻ ഭീകര സംഘടനകൾ ഒന്നും ചെയ്യുന്നില്ലെന്നും പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു.

ഈ വർഷത്തെ സുരക്ഷ വിശകലനം അനുസരിച്ച് 126 ഇടത് ഭീകര സ്വാധീനമുള്ള ജില്ലകൾ ഉണ്ടായിരുന്നത് 90 ആയി കുറഞ്ഞിട്ടുണ്ട് .44 ജില്ലകളിൽ കമ്യൂണിസ്റ്റ് ഭീകര ഭീഷണിയിൽ നിന്ന് മുക്തമായപ്പോൾ എട്ടു ജില്ലകൾ പട്ടികയിലേക്ക് പുതുതായി വന്നു.ഇതിൽ കേരളത്തിൽ നിന്ന് മലപ്പുറം , വയനാട് , പാലക്കാട് ജില്ലകൾ കൂടി ഉൾപ്പെടുന്നു. അക്രമം നടക്കുന്ന 76 ജില്ലകൾ 2013 ൽ ഉണ്ടായിരുന്നത് മുപ്പത്താറിലേക്ക് ചുരുക്കാനും സർക്കാരിനു കഴിഞ്ഞു . അതിൽ തന്നെ മുപ്പത് ജില്ലകളിലാണ് 90 ശതമാനം ഭീകരാക്രമണങ്ങളും നടക്കുന്നത്.

ഒരു കാലത്ത് ഇന്ത്യയെ ഗ്രസിക്കുമെന്ന് ശത്രു രാജ്യങ്ങൾ കരുതിയിരുന്ന ഇടത് ഭീകരതയുടെ നട്ടെല്ലൊടിച്ച നാലു വർഷമാണ് കടന്നു പോയത്. ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് തടയിടാൻ കഴിഞ്ഞത് നരേന്ദ്രമോദി സർക്കാരിന്റെ വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close