കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കമെന്ന് സൂചന. കേസില്‍ അറസ്റ്റിലാകാനുളള സാധ്യത വര്‍ധിച്ച സാഹചര്യത്തിലാണ് വിദേശത്തേക്ക് കടക്കാനുളള ശ്രമം ബിഷപ്പ് ആരംഭിച്ചിരിക്കുന്നത്.
പരാതി ലഭിച്ച് 76 ദിവസം പിന്നിട്ടുമ്പോഴും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നീതിക്കുവേണ്ടി കന്യാസ്ത്രികള്‍ തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു. കൂടാതെ ഹൈക്കോടതിയും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അറസ്റ്റ് നീട്ടികൊണ്ടുപോകാന്‍ പോലീസിന് ഇനി സാധിച്ചേക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യം വിടാനുളള ബിഷപ്പിന്റെ ശ്രമം.
ഫ്രാങ്കോ മുളയ്ക്കലിന്റെ പാസ്പോര്‍ട്ട് അടക്കമുളള രേഖകള്‍ ഒന്നും തന്നെ പോലീസ് ഇതുവരെ പിടിച്ചെടുത്തിട്ടില്ലെന്നത് വിദേശത്തേക്ക് കടക്കാനുള്ള ബിഷപ്പിന്റെ നീക്കത്തിന് ഗുണം ചെയ്യും. കൂടാതെ അറസ്റ്റ് മുന്‍കൂട്ടി കണ്ടിട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാത്തതും സംശയങ്ങള്‍ക്ക് ബലംപകരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചാല്‍ പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും.