തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്ര, കലാ കായിക മേളകള്‍ ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ആഘോഷങ്ങള്‍ ഒഴിവാക്കി സ്കൂള്‍ കലോത്സവം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മാന്വല്‍ കമ്മിറ്റി കൂടി തീരുമാനം എടുക്കുമെന്നും പൊതു വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് വ്യക്തമാക്കി.
ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്കൂള്‍ കലാകായിക മേളകള്‍ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമാകും മേളകള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഈ മാസം 17 ന് മാന്വല്‍ കമ്മിറ്റി യോഗം ചേരും. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ സര്‍ഗശേഷിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി കലോത്സവ മേളകള്‍ നടത്തുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.
നിലവില്‍ ആലപ്പുഴയാണ് സ്കൂള്‍ കലോത്സവ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വേദി മാറ്റണമോ എന്ന കാര്യം മാന്വല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും. പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം മേളയില്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് നേരത്തെ തീരുമാനിച്ചത്. സ്കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവയാണ് റദ്ദാക്കിയിരുന്നത്.