ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തിന്റെ ഫലമായാണ് പ്രളയമുണ്ടായത്. കാലാവസ്ഥ വ്യതിയാനം വിചാരിക്കുന്നതിലും വേഗമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയം പോലെ തന്നെ 2017ല്‍ പ്യൂട്ടോറിക്കയിലുണ്ടായ മരിയ കൊടുങ്കാറ്റും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. പ്രശ്നത്തിന്റെ അടിയന്തര സ്വഭാവം എല്ലാവരും മനസിലാക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം നിലനില്‍പ്പിന്റെ പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷ താപനിലയിലെ വര്‍ധനവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 1850ന് ശേഷമുണ്ടായ ഏറ്റവും ചൂട് കൂടിയ 18 വര്‍ഷങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണ് ഉണ്ടായിരിക്കുന്നത്. 2018 നാലാമത്തെ ചൂടേറിയ വര്‍ഷമാകും. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി പാരിസ് ഉടമ്പടിയില്‍ തീരുമാനിച്ച അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് പറഞ്ഞു.