ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസിലെ പിടികിട്ടാപ്പുള്ളിയായ മലയാളി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദിനെയാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തത്.
1998ലെ സ്ഫോടന പരമ്പരയ്ക്കുശേഷം ഖത്തറില്‍ ഒളിവില്‍ കഴിയുകയായിരുന്നു റഷീദെന്ന് ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞു. സ്ഫോടന പരമ്പരയില്‍ ഇയാള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ഐപിസി 302, 307, 449 ഉള്‍പ്പെടെ പതിനാറ് വകുപ്പുകളാണ് റഷീദിനെതിരെ ചുമത്തിയത്.
ഇന്നലെ വൈകീട്ടാണ് റഷീദിനെ തമിഴ്നാട് ക്രൈംബാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇന്റലിജന്‍സ് വിഭാഗം കൈമാറിയ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.