കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ റെയ്ഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമെടുത്തേക്കും. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളുകളുമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ബിഷപ്പ് പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്നും തെളിഞ്ഞിട്ടുണ്ട്.
അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നാളെ നോട്ടീസ് അയക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാകും നിര്‍ദേശിക്കുന്നത്. ഏറ്റുമാനൂരില്‍ വച്ചാകും ചോദ്യം ചെയ്യുന്നത്.
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. ബിഷപ്പിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധവും ഇപ്പോള്‍ ശക്തമാകുകയാണ്.