ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാകിസ്ഥാന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായിട്ടാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. കാന്‍സര്‍ ബാധിതയായിരുന്ന കുല്‍സും ആശുപത്രിയില്‍ കഴിയവെ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷെരീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സും മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്നുവര്‍ഷം പാര്‍ട്ടിയെ നയിച്ചത് കുല്‍സും ആയിരുന്നു.