ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജുഡീഷ്യറിയുടെ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സ്ഥിരപ്പെടുത്താനാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്. 2016-17 വര്‍ഷത്തില്‍ ക്രമ വിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയ 180 വിദ്യാര്ത്ഥികള്ക്കനുകൂലമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
മുന്‍പ് വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനം സുപ്രീംകോടതി ശരിവച്ചിരുന്നു. അതിനു ശേഷമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതിന്മേല് നിയമസഭ നിയമവും പാസാക്കി. എന്നാല്‍ ബില്ലിന് അംഗീകാരം നല്കാന് ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.