Kerala

മുങ്ങിയതല്ല….മുക്കിയതാണ്; പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നു വിട്ടതിലെ അശാസ്ത്രീയത

പത്തനംതിട്ട: പമ്പാ നദി കരകവിഞ്ഞ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നു വിട്ടതിലെ അശാസ്ത്രീയത അല്ലെന്ന വാദം പൊളിയുന്നു. ഓഗസ്റ്റ് 15, 16 തീയതികളില്‍ കക്കി, ആനത്തോട് ഡാമിന്റെയും, പമ്പാ ഡാമിന്റെയും ഷട്ടറുകള്‍ അധികമായി ഉയര്‍ത്തിയത് മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ്. രണ്ട് ദിവസങ്ങളിലും ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ 8 അടി മുതല്‍ 10 അടി വരെ തുറന്ന് വച്ചിരുന്നു.

15ന് രാത്രി മുതല്‍ രണ്ട് ദിവസം ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ 8 അടി മുതല്‍ 10 അടി വരെ ഉയര്‍ത്തി വച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന കെഎസ്ഇബി ഡാം സുരക്ഷ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ശബ്ദരേഖ ജനം ടീവിക്ക് ലഭിച്ചു. 15 രാത്രിയില്‍ ആനത്തോട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 8 അടിയും മറ്റ് മൂന്ന് ഷട്ടറുകള്‍ 10 അടിയും ഉയര്‍ത്തിയതായാണ് ഉദ്യോഗസ്ഥന്‍ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നത്. 16ലും തല്‍സ്ഥിതി തുടര്‍ന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ആഗസ്റ്റ് 9 നു തന്നെ ഈ ഡാമുകള്‍ തുറന്നെങ്കിലും വളരെ നിയന്ത്രിതമായ അളവിലായിരുന്നു വെള്ളം തുറന്നു വിട്ടത്. ആഗസ്റ്റ് 14 നു വൈകിട്ട് പമ്പ ഡാമില്‍ നിന്ന് 67 കുമെക്‌സും കക്കിയില്‍ നിന്ന് 85 കുമെക്‌സുമായിരുന്നു പുറത്തുവിട്ടിരുന്നത്. എന്നാല്‍ അന്ന് രാത്രി 10 മണിക്ക് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കക്കി ഡാമില്‍ നിന്ന് അഞ്ച് മടങ്ങ് വെള്ളം തുറന്നു വിട്ടപ്പോള്‍ പമ്പഡാമില്‍ നിന്ന് ഇരട്ടി കുമെക്‌സ് വെള്ളം തുറന്നു വിട്ടു. ഇത് ആഗസ്റ്റ് 15 രാവിലെ ആയപ്പോഴേക്കും വീണ്ടും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു.

റാന്നിയിലും പിന്നീട് ആറന്മുള ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പ്രളയമുണ്ടായതിനു കാരണം ഡാം തുറന്നതിന്റെ ഈ അശാസ്ത്രീയതയായിരുന്നു. കനത്ത മഴ കൂടി ആയതോടെ തീവ്രത വര്‍ദ്ധിക്കുകയായിരുന്നു. സംഭരണ ശേഷി 90 ശതമാനം കഴിയുമ്പോള്‍ തന്നെ നേരത്തെ ഡാമുകള്‍ തുറന്നു വിട്ടിരുന്നു. എന്നാല്‍ പരമാവധി സംഭരിക്കാനായിരുന്നു ഇക്കുറി ശ്രമിച്ചത്. ഇത് അവസാനം കൈവിട്ട് പോവുകയായിരുന്നു.

ആഗസ്റ്റ് 14 നു രാത്രി 11 നാണ് മുന്നറിയിപ്പ് കൊടുത്തത് . 11:30 ആയപ്പോഴേക്കും റാന്നിയില്‍ വെള്ളം കയറി . സംസ്ഥാന പാതകളും റോഡുകളും വെള്ളത്തിലായതോടെ രക്ഷാപ്രവര്‍ത്തനവും ആളുകളെ ഒഴിപ്പിക്കലും നടന്നില്ല. തുടര്‍ന്ന് ആറന്മുളയിലേക്കും ചെങ്ങന്നൂരിലേക്കും വെള്ളം എത്തുകയായിരുന്നു. ആരെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം അവിടെയും ആദ്യം ഉണ്ടായില്ല.

പമ്പ , കക്കി ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചയുണ്ടായെന്ന് റാന്നി എം.എല്‍.എ രാജു എബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി ഡാം തുറക്കുന്നതില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഉണ്ടായെങ്കിലും പമ്പയിലെ ഡാമുകളുടെ കാര്യത്തില്‍ ഗുരുതരമായ പാളിച്ചയുണ്ടായെന്നുമാണ് രാജു എബ്രഹാം പറഞ്ഞത്. ജൂലൈ 29 നു വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കിയത് അനുസരിച്ച് പമ്പ, കക്കി ഡാമുകളില്‍ ശേഷിയുടെ രണ്ടടി താഴെ വരെ വെള്ളം ഉണ്ടായിരുന്നു. എന്നാല്‍ അത് നിറയുന്നത് വരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാരും ഉദ്യോഗസ്ഥരും ചെയ്തത്.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close