കൊച്ചി: പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദുരിതാശ്വാസ പരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ദുരിതബാധിതര്‍ക്ക് നേരിട്ട് സഹായധനം എത്തിക്കണം. പ്രളയ ബാധിതര്‍ക്ക് വെള്ളം, വൈദ്യുതി, പാചക വാതകം എന്നിവ സൗജ്യമായി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. നിശ്ചിത കാലത്തേക്ക് ഈ സൗജന്യം തുടരണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
നാശ നഷ്ടം വിലയിരുത്താനും വിതരണം ചെയ്യാനും വാര്‍ഡ് തല സമിതികള്‍ വേണം. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കായി പ്രത്യേക പദ്ധതികള്‍ വേണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പുതിയൊരു ജീവിതം തുടങ്ങുന്നതിന് പ്രളയ ബാധിതകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണെന്ന് അമിക്കസ് ക്യൂറി ജേക്കബ് അലക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ളതും പൊതു പണം മുടക്കുന്നതുമായി കലോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കാനുള്ള തീരുമാനം തെറ്റായ ഫലമാണ് ഉണ്ടാക്കുകയെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇത്തരം പരിപാടികളെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു ഉപജീവനം കണ്ടെത്തുന്നവരെ ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഇവയുമായി ബന്ധപ്പെട്ട് 19ന് റിപ്പോര്‍ട്ട് നല്കാന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.