ഷില്ലോംഗ്:മേഘാലയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.ഡി.ലപാംഗ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന എഐസിസി നീക്കത്തില്‍ പ്രതിഷേധിച്ചാണ് നീക്കം. കോണ്‍ഗ്രസ് അംഗത്വം ഉള്‍പ്പെടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് ലപാംഗ് പാര്‍ട്ടിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു. 85കാരനായ ലപാംഗ് കോണ്‍ഗ്രസുമായി നാല് പതിറ്റാണ്ടോളമായിട്ട് ഉണ്ടായിരുന്ന ബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്.
യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കാനുള്ള എഐസിസി നയത്തില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഇപ്പോഴും ഉള്ളിലുള്ളതിനാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിരാശപ്പെടുത്തിയെന്ന് ലപാംഗ് കത്തില്‍ പറയുന്നുണ്ട്.
1972ല്‍ നോംഗ്പോയില് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നിയമസഭയിലേക്ക് ജയിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1992, 2003, 2007, 2009 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്. മേഘാലയയിലെ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.