കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമുണ്ടായേക്കും. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പൊലീസിന് ലഭിച്ചു. ഇതിന് പുറമെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണവും ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ നിര്‍ണായകമായത് ബിഷപ്പ് മഠത്തില്‍ എത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളുമാണ്.
പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് എത്തിയതായി തെളിഞ്ഞിട്ടുണ്ട്. മഠത്തിലെ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തില്ല, മുതലക്കോടത്ത് മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍ ബിഷപ്പ് ഇവിടെ എത്തിയിട്ടില്ലെന്ന് രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.
ബിഷപ്പിനെ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിച്ചതായി ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് മൊഴികളും ഇതിനോട് യോജിക്കുന്നതാണ്. പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
ബിഷപ്പിന്റെ ലാപ്ടോപ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയെല്ലാം പൊലീസിന്റെ പക്കലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ രജിസ്റ്റര്‍ തുടങ്ങി നിര്‍ണായകമായ പല രേഖകളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങളും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.