ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര് തൂങ്ങിമരിച്ച സംഭവത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൊല്ലപ്പെട്ടവരുടെ മാനസികനില വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. അവര്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സിബിഐയുടെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറിയിലെ വിദഗ്ധരുടെ സമിതിയാണ് കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചത്.
ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരമായിരുന്നു കൊല്ലപ്പെട്ടവരുടെ മാനസികനില പരിശോധിച്ചത്. വിദഗ്ധ സംഘം അയല്‍വാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെക്കുറിച്ചും വ്യക്തമായ പഠനവും നടത്തിയിരുന്നു.
മരിച്ച വീട്ടില്‍ നിന്ന് പത്തോളം നോട്ടുബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഓരോ പുസ്തകത്തിലും ഓരോരുത്തരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളും എങ്ങനെ പാപമോചനം ലഭിക്കും എന്നതിനെ കുറിച്ചുമെല്ലാം വ്യക്തമായ കുറിപ്പുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവയെല്ലാം പരിശോധന വിധേയമാക്കിയിരുന്നു.
സംശയകരമായ ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കല്‍ ഓട്ടോപ്സി നടത്താറുള്ളത്. ബുരാരി കുടുംബത്തിന്റെ മരണവും ആത്മഹത്യയാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ചില ദുരൂഹതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈക്കോളജിക്കല്‍ ഓട്ടോപ്സി നടപടികളിലേക്ക് കടന്നത്.