തൃശൂര്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍. കരുണാകരന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ എതിരാളികള്‍ തയാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹം ചാരക്കേസില്‍ ചെന്ന് പെട്ടത്. സജീവ രാഷ്ട്രീയത്തിലുളള അഞ്ച് പേരാണ് അദ്ദേഹത്തെ ചതിച്ചത്. വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിനെതിരെ നിന്നു. അച്ഛന് നീതി കിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോട് പറയും.
അമ്മ മരിച്ച് അച്ഛന് തളര്‍ന്ന് നില്ക്കുന്ന സമയമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തളര്‍ത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ചാരക്കേസിനെ കുറിച്ചോര്‍ത്ത് മരണം വരെയും അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അദ്ദേഹത്തിന് നീതി കിട്ടണം. അച്ഛന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കരുണാകരെ ചതിച്ച നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും പത്മജ പറഞ്ഞു.
അതേസമയം ജുഡീഷ്യറി കമ്മീഷന് മുന്നിലല്ലാതെ ഈ പേരുകള്‍ പുറത്ത് വിടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.