കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. ഫ്രാങ്കോ മുളക്കലിനോട് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. വിഷയത്തില്‍ കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്നും വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. ഉടന്‍ തന്നെ ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടി എടുത്തേക്കുമെന്നാണ് സൂചന.
ബിഷപ്പിനെതിരായ പരാതി നേരത്തെ തന്നെ വത്തിക്കാന്‍ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.
നിലവില്‍ ജലന്ധറിലും കേരളത്തിലും കന്യാസ്ത്രീകളടക്കമുള്ളവര്‍ വ്യാപക പ്രതിഷേധം നടത്തുന്ന സാഹചര്യവും, പൊലീസും കോടതിയും വിഷയത്തിലിടപെട്ടതും കണക്കിലെടുത്താണ് വത്തിക്കാന്റെ ഇടപെടല്‍.
അതേസമയം ബിഷപ്പിനോട് അടുത്ത ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളാ പൊലീസ് നല്കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.