ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. കാലവര്‍ഷക്കെടുതിയില്‍ വെള്ളം കയറി തകരാറിലായ പന്നിയാര്‍ പവ്വര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം തടസപ്പെട്ടതാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തിയത്.
മഴക്കെടുതിയില്‍ കഴിഞ്ഞ മാസം 15ന് മണ്ണും കല്ലും അടിഞ്ഞുകൂടിയതിനെ തുടര്‍ന്നാണ് പന്നിയാര്‍ പവ്വര്‍ ഹൗസ് തകരാറിലായത്. തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തി വച്ചതോടെയാണ് പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേയ്ക്ക് എത്തിയത്. 707.70 അടിയാണ് പരമാവധി സംഭരണ ശേഷി. ഇത് 707.20 അടിയില്‍ എത്തിയ സാഹചര്യത്തില്‍ മുന്നറിയിപ്പിന് ശേഷം ഷട്ടര്‍ ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു.
കാലവര്‍ഷ മഴയില്‍ ജലമൃദ്ധമായിരുന്ന അണക്കെട്ടിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ഒമ്പതിനാണ് താഴ്ത്തിയത്. പവ്വര്‍ ഹൗസിലെ യന്ത്ര തകരാറുകള്‍ പരിഹരിക്കുന്നതിനായി അറ്റകുറ്റ പണികള്‍ നടത്തിവരികയാണ്. എന്നാല്‍ വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.