അഗർത്തല : ത്രിപുരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി പടയോട്ടം . 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു . ബാക്കി വരുന്ന സീറ്റുകളിൽ സെപ്റ്റംബർ 30 ന് തെരഞ്ഞെടുപ്പ് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചപ്പോഴാണ് 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയം നേടിയത്.
3386 സീറ്റുകളിലേക്ക് വരുന്ന സെപ്റ്റംബർ മുപ്പതിനായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഈ സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ മെംബർമാർ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ രാജിവെക്കുകയായിരുന്നു. ബിജെപി ആക്രമിക്കുന്നുവെന്ന് വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു രാജിവെച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് തീരുമാനിച്ചെങ്കിലും ജനപിന്തുണ ഇല്ലാതായതോടെ സ്ഥാനാർത്ഥികളെ നിർത്താൻ ഇടതു പക്ഷത്തിനു കഴിഞ്ഞില്ല. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും ബിജെപി വിജയിച്ചു കയറുകയായിരുന്നു.
കോൺഗ്രസിനും സിപിഎമ്മിനും മറ്റ് ഇടതുപാർട്ടികൾക്കും വേണ്ടി സ്ഥാനാർത്ഥിയാകാൻ ആളെ കിട്ടാത്തതാണ് കാരണമെന്ന് ബിജെപി വ്യക്തമാക്കി. എന്നാൽ പത്രിക സമർപ്പിക്കാൻ ബിജെപി അനുവദിച്ചില്ലെന്ന് മറ്റ് പാർട്ടികൾ ആരോപിച്ചു.28 ബ്ളോക്കുകളിൽ പത്രിക നൽകാൻ ബിജെപി പ്രവർത്തകർ അനുവദിച്ചില്ലെന്നാണ് സിപിഎം ആരോപണം.