സിഡ്നി: ഓസ്ട്രേലിയയിലെ അഡ്ലൈയ്ഡ് നഗരത്തിലെ ദക്ഷിണ ഓസ്ട്രേലിയന്‍ ആര്‍ട് ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന നടരാജ വിഗ്രഹം ഇന്ത്യയില്‍ നിന്നുള്ള മോഷണ വസ്തുവാണെന്ന് സമ്മതിച്ച് ഗാലറി നടത്തിപ്പുകാര്‍. ഇതോടെ വിഗ്രഹം തിരിച്ചു ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. നീക്കത്തോട് സഹകരിക്കുമെന്ന് ഗാലറി വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
തിരുനെല്‍വേലിയിലെ ക്ഷേത്രത്തില്‍ നിന്നും 1970കളിലാണ് വിഗ്രഹം മോഷ്ടിക്കപ്പെട്ടത്. 1958ലെടുത്ത ഒരു ചിത്രമാണ് ഇതിന് തെളിവായത്. നാല് വിഗ്രഹങ്ങളാണ് ആ സമയത്ത് മോഷണം പോയത്. എന്നാല്‍ 1982ലാണ് ഇക്കാര്യം പുറംലോകമറിയുന്നത്.
എന്നാല്‍ സംഭവത്തിന് പിന്നിലുണ്ടായിരുന്നവര്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുറ്റവാളികളെ പിടികൂടാനായിട്ടുമില്ല. 76 സെന്റിമീറ്റര്‍ ഉയരമുള്ള വിഗ്രഹം 2001ല്‍ 2.5 കോടി രൂപക്കാണ് ഗാലറി ലേലത്തില്‍ പിടിച്ചത്. യൂറോപ്പിലെ സ്വകാര്യവ്യക്തിയില്‍ നിന്ന് ഇടനിലക്കാര്‍ വഴിയാണ് ഗാലറി ഇത് സ്വന്തമാക്കിയത്.