മുംബൈ : വിനായക ചതുർത്ഥിയോടനുബന്ധിച്ച് വീട്ടിലെ ഗണപതിയുടെ പ്രതിമയ്ക്കു മുന്നിൽ മകൾ തൊഴുതു നിൽക്കുന്ന ചിത്രമിട്ട ഷാരൂഖ് ഖാന് മൗലിക വാദികളുടെ വക മത പഠനം. മുസ്ലിമായ ഷാരൂഖിന്റെ വീട്ടിൽ ഗണപതിയെങ്ങനെ വന്നുവെന്ന ചോദ്യവുമായി നിരവധി പേർ പോസ്റ്റിനു കമന്റുകളുമായെത്തി.
ഇസ്ലാമിൽ ഇത് ഹറാമാണെന്ന് ചിലർ കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഷാരൂഖ് ഖാൻ നരകത്തിൽ പോകുമെന്നും ചിലർ പറയുന്നു. ഷാരൂഖ് ഖാൻ നാണക്കേടുണ്ടാക്കുന്നുവെന്നും ഇസ്ലാമിക വിശ്വാസത്തിൽ ഉറച്ചു നിൽക്കണമെന്നും കമന്റുകളുണ്ട്.ഇത്തരം സാധനങ്ങൾ വീട്ടിൽ വെക്കരുതെന്നും അഭിപ്രായങ്ങൾ ഉയർന്നു.
അതേ സമയം ഷാരൂഖിനു പിന്തുണയുമായി നിരവധി മുസ്ലിങ്ങളും കമന്റുകളുമായെത്തി.ഷാരൂഖ് ഖാൻ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതെങ്ങനെയെന്നതിന്റെ മാതൃകയാണെന്നാണ് ഇവരുടെ അഭിപ്രായം.