ന്യൂഡല്‍ഹി: വിജയ് മല്ല്യക്ക് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്കിയ ബാങ്ക് ഉദ്യോഗസ്ഥരെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്ല്യക്ക് 6000 കോടി രൂപയുടെ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലെ ആദ്യ കുറ്റപത്രമാണ് ഇത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.
ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ മല്ല്യക്കെതിരെ സിബിഐ കഴിഞ്ഞ വര്‍ഷം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്മേല് രണ്ട് സിബിഐ കേസുകളും മല്ല്യക്കെതിരെ നിലവിലുണ്ട്.