മലപ്പുറം: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരായി ഒരു ചാനലിൽ വന്ന വീഡിയോ ഷെയർ ചെയ്തതിന് കെഎസ്ഇബി സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. ഒതുങ്ങൽ വൈദ്യുതി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയർ എ നാരായണൻ എമ്പ്രാന്തിരിയെയാണ് സസ്പെൻഡ് ചെയ്തത്.
ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബോർഡ് ഉത്തരവ് ലംഘിച്ചു എന്നാരോപിച്ചാണു സസ്പെൻഷൻ. എന്നാൽ സസ്പെൻഷൻ ഉത്തരവിൽ കുറ്റത്തെക്കുറിച്ച് വിശദാംശങ്ങൾ ഒന്നുമില്ല. സസ്പെൻഷൻ ഉത്തരവിന്റെ അസ്സലും അനുബന്ധ രേഖകളും കിട്ടാത്തതിനാൽ തനിക്ക് വിശദീകരണം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും നാരായണൻ ബോർഡിന് അയച്ച കത്തിൽ പറയുന്നു.
അതേസമയം, ബോർഡിന്റെ നടപടിക്കെതിരെ ജീവനക്കാർ രംഗത്തെത്തി. ജീവനക്കാരുടെ വായ മൂടിക്കെട്ടാനുള്ള നടപടികളിൽ പ്രതിഷേധിച്ച് ഈ മാസം 27ന് വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് എക്സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ അറിയിച്ചു.