വിമാനയാത്രക്കിടെ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച എയര്‍ഹോസ്റ്റസിനെ എയര്‍ലൈന്‍സ് പിരിച്ചുവിട്ടു. ചൈനയില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. ഈസ്റ്റേണ്‍ എയര്‍ലൈന്‍ കമ്പനിയാണ് വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതിന്റെ പേരില്‍ ജീവനക്കാരിയെ പുറത്താക്കിയത്.
വിമാനം ടേക്ക്ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളിലായിരുന്നു കാമുകന്റെ വിവാഹ അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. അമ്പരന്ന് നിന്ന് എയര്‍ഹോസ്റ്റസിനെ ഇയാള്‍ പുണരുന്നതും മറ്റ് യാത്രക്കാരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇതിന് ശേഷം സെപ്തംബര്‍ 10നാണ് പിരിച്ചുവിട്ടതായി കാണിച്ചു കൊണ്ടുള്ള കത്ത് യുവതിക്ക് കിട്ടുന്നത്. എയര്‍ഹോസ്റ്റസിന്റെ പ്രധാന ചുമതല യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തലാണെന്നും, എയര്‍ഹോസ്റ്റസ് ഇത് അവഗണിച്ചുവെന്നും എയര്‍ലൈന്‍സ് വിശദീകരിക്കുന്നു. പരസ്യമായ വിവാഹാഭ്യര്‍ത്ഥന മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും ഇവര്‍ പറയുന്നുണ്ട്. അതേസമയം എയര്‍ലൈന്‍സിന്റെ നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.