സത്യമപ്രിയം

പിതാവേ ഇവരോട് പൊറുക്കേണമേ!

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

ക്രൂശിതനായ യേശുക്രിസ്തു ചോരച്ചാലില്‍ തന്റെ ജീവിതം കൊണ്ട് കോറിയിട്ട സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ജീവിതത്തെ അറപ്പും വെറുപ്പും ഉളവാക്കുന്ന നികൃഷ്ട മതമായി മാറ്റിയെടുത്ത ഒരുപറ്റം ഇടയന്മാര്‍ ക്രൈസ്തവസഭയ്ക്ക് അന്ത്യകൂദാശ കൊടുക്കുന്ന ദയനീയ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്.

പാപത്തിന്റെ ശമ്പളം മരണമാണെന്ന് ഉദ്ഘാഷിച്ച ബൈബിള്‍ വചനം അള്‍ത്താരയ്ക്കു മുന്നില്‍ കൊട്ടിപ്പാടി ആര്‍ത്തലച്ച് എല്ലാവിധ പാപങ്ങളുടെയും കര്‍തൃത്വം പേറുന്ന മെത്രാന്മാര്‍ അറിയുന്നില്ല. ‘പത്രോസേ നീ പാറയാകുന്നു, നിന്റെ മേല്‍ ഞാന്‍ എന്റെ ദേവാലയം കെട്ടിപ്പടുക്കു’മെന്ന് പറഞ്ഞ യേശുദേവന്‍ പത്രോസിനെ പാറയാക്കിയെന്നാണ് അച്ചന്മാരും മെത്രാന്മാരും പിന്നീട് കരുതിയത്. പത്രോസിന്റെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഹൃദയരക്തം കൊണ്ട് ചാലിച്ചെഴുതിയ വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും മതമെന്ന സ്ഥാനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ന് ക്രൈസ്തവ സമുദായത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ മണവാട്ടിയായി സന്യസ്ത വ്രതം എടുത്ത് ജീവിതം മുഴുവന്‍ യേശുദേവന് സമര്‍പ്പിച്ച കന്യാസ്ത്രീകളെ കടന്നുപിടിക്കാനും ബലാത്സംഗം ചെയ്യാനും മാനഭംഗപ്പെടുത്താനും വഴങ്ങാത്തവരെ അപമാനിക്കാനും അപഹസിക്കാനും മാത്രമല്ല, തല്ലിക്കൊന്ന് കിണറ്റിലിടാനും മടിക്കാത്ത ഇപ്പോഴത്തെ ഇടയന്മാര്‍ ആ നല്ല ഇടയന്റെ ജീവിതപ്പാതയിലെ തകരകള്‍ ആകാനെങ്കിലും യോഗ്യതയുള്ളവരാണോ?

വരാന്‍ പോകുന്ന യേശുദേവനെ കുറിച്ച് അവന്റെ വരവിന് മുന്നൊരുക്കവുമായി എത്തിയ സ്‌നാപകയോഹന്നാന്‍ പറഞ്ഞത്, ‘എനിക്കു പിന്നാലെ വരുന്ന അവന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും എനിക്കില്ലെ’ന്ന് പറഞ്ഞ് ശോശന്നപുഷ്പങ്ങളൊരുക്കി കാത്തിരുന്ന ആ പാരമ്പര്യത്തിന്റെ ചൈതന്യധാര എവിടെയാണ് മുറിഞ്ഞത്. ‘ഇത് ചെയ്തതിനാല്‍ എല്ലാ കന്നുകാലികളെക്കാളും എല്ലാ കാട്ടുജന്തുക്കളെക്കാളും ശപ്തനാണ് നീ. ഉരസ്സ് കൊണ്ട് ഇഴഞ്ഞു നീ നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും’. ഉല്പത്തി പുസ്തകം കുറ്റവിചാരണയില്‍ വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ച സര്‍പ്പത്തിനെ ദൈവം ശപിച്ച വാക്കുകള്‍ അതിനേക്കാള്‍ ഭീകരതയോടെ മെത്രാന്മാരുടെ തലയിലേക്ക് വീഴുമ്പോള്‍ ക്രിസ്തുവിന്റെ മണവാട്ടികള്‍ മാനത്തിന് വിലയിട്ടവര്‍ക്കെതിരെ തെരുവില്‍ സമരത്തിലാണ്.

പുരോഹിതരുടെ പാപബലിയെക്കുറിച്ച് ബൈബിള്‍ തന്നെ പറയുന്നുണ്ട്, ‘കര്‍ത്താവ് വീണ്ടും മോശയോട് അരുള്‍ ചെയ്തു, ഇസ്രയേല്‍ ജനങ്ങളോട് ഇങ്ങനെ പറയുക, കര്‍ത്താവ് വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യം അനവധാനതയാല്‍ ആരെങ്കിലും ചെയ്തുപോകുന്നു എന്ന് കരുതുക. അഭിഷിക്ത പുരോഹിതനാണ് ഇങ്ങനെ പാപം ചെയ്ത് ജനങ്ങള്‍ക്ക് അപരാധം വരുത്തിവെച്ചതെങ്കില്‍ താന്‍ ചെയ്ത പാപത്തിന് പരിഹാരമായി ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ അയാള്‍ പാപബലിയായി കര്‍ത്താവിന് സമര്‍പ്പിക്കണം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കര്‍ത്താവിന് പാപബലിയായി എത്ര കാളക്കുട്ടികളെ സമര്‍പ്പിക്കേണ്ടി വരുമെന്ന് ചോദിച്ചാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന് പോലും മൊഴി മുട്ടിപ്പോകുമെന്നത് സത്യം.

മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 29-30 വാക്യങ്ങള്‍ പറയുന്നു, ‘കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ നിന്റെ മനസ്സില്‍ വ്യഭിചരിച്ചു കഴിഞ്ഞു. നീ പാപം ചെയ്യാന്‍ നിന്റെ വലതു കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് എറിഞ്ഞു കളയുക. നിന്റെ ഒരു അവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍ ഉത്തമം. നീ പാപം ചെയ്യാന്‍ നിന്റെ വലതു കൈ കാരണമാകുന്നുവെങ്കില്‍ അത്ു വെട്ടിയെറിഞ്ഞു കളയുക. നിന്റെ ഒരു അവയവം നഷ്ടപ്പെടുന്നതാണ് ശരീരം മുഴുവന്‍ നരകത്തില്‍ വീഴുന്നതിനേക്കാള്‍ ഉത്തമം’. അടുത്തിടെ സഭാ ആശുപത്രിയില്‍ എന്തോ ചില ശസ്ത്രക്രിയകള്‍ നടത്തിയെന്ന് നാട്ടുകാര്‍ പറയുന്ന ബിഷപ്പിന്റെ ഏത് അവയവമാണ് വെട്ടിക്കളയേണ്ടതെന്ന് മത്തായി സുവിശേഷത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം ചെയ്‌തെന്ന് വിധിക്കാന്‍ നമ്മള്‍ കോടതിയല്ല. പക്ഷേ, കര്‍ത്താവിന്റെ മണവാട്ടി എന്ന് വിശ്വസിക്കപ്പെടുന്ന, ജീവിതം മുഴുവന്‍ ക്രിസ്തുവിന്റെ ഹിതത്തിനായി ഉഴിഞ്ഞുവച്ച് അവനുവേണ്ടി മാത്രം ജീവിക്കുന്ന കന്യാസ്ത്രീ ഇക്കാര്യത്തില്‍ മനപ്പൂര്‍വ്വം കള്ളം പറയുമോ? സ്വന്തം മാനത്തിന് വിലയിട്ട് അതിന്റെ പേരില്‍ ബിഷപ്പിനെ പുറത്താക്കാന്‍ തെരുവില്‍ സമരത്തിന് ഇറങ്ങാനുള്ള ഗൂഢാലോചനയുടെ ഭാഗമാകാന്‍ കന്യാസ്ത്രീക്ക് എന്നല്ല, ഒരു സ്ത്രീക്കും കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, ഈ കേസ് കൈകാര്യം ചെയ്ത രീതി ശ്രദ്ധേയമാണ്. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന സ്ത്രീയുടെ പരാതി അറിഞ്ഞാല്‍ തന്നെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും കേസ് എടുക്കുകയും ചെയ്യണമെന്നാണ് സുപ്രീം കോടതി വൈശാഖാ കേസിലും ലീലാകുമാരി കേസിലും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഈ കോടതിവിധിയെല്ലാം കാറ്റില്‍ പറത്തി മെത്രാന്മാരുടെ അരമനകളില്‍ തിണ്ണ നിരങ്ങാനും മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനും എന്തിനാണ് കേരളാ പോലീസ് പോയതെന്ന് പറയാനുള്ള ആര്‍ജ്ജവം പിണറായി കാട്ടണം. സംസ്ഥാനത്തെ മുഖ്യമന്ത്രിയോടോ പോലീസ് അധികാരികളോടോ ആലോചിക്കാതെ സ്വന്തമായി ഇത്തരമൊരു തീരുമാനം എടുക്കാനുള്ള ശേഷി അന്വേഷണസംഘത്തിനോ മധ്യമേഖലാ ഐ ജി ക്കോ ഉണ്ടെന്ന് കരുതാനാകില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ പക്ഷപാതം മാത്രമല്ല, കെടുകാര്യസ്ഥതയും അലംഭാവവും വ്യക്തമാണ്.

കേരളാ പോലീസിന്റെ ഈ അലംഭാവം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ മാത്രമല്ല കേരളം കണ്ടത്. പണക്കാര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളിലും ഈ അലംഭാവം കാണാന്‍ കഴിയും. അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ മാത്രം മത്ി ഈ സത്യം മനസ്സിലാക്കാന്‍. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് പി കെ ശശി എം എല്‍ എയ്ക്ക് എതിരായ പരാതിയിലും ഉണ്ടായത്. അതേസമയം കോണ്‍ഗ്രസ് എം എല്‍ എയായ എം പി വിന്‍സെന്റിനെ പരാതി കിട്ടി മണിക്കൂറുകള്‍ക്കകം അറസ്റ്റുചെയ്ത് മാസങ്ങളോളം തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. ഈ നീതി നിഷേധമോ, നീതിനിര്‍വ്വഹണത്തിലെ ഇരട്ടത്താപ്പോ ആണ് പിണറായിയുടെ അഭാവത്തിലും സംസ്ഥാന ഭരണകൂടം പുലര്‍ത്തുന്ന അവധാനതയോ പക്ഷഭേദമോ വ്യക്തമാക്കുന്നത്.

ഹൈക്കോടതി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി കാര്യങ്ങള്‍ വിലയിരുത്തുക. ആ തരത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തൃപ്തികരമാണെന്ന് കോടതി പറഞ്ഞു. പക്ഷേ, അതുകൊണ്ട് കേരളാ പോലീസ് ചെയ്തതെല്ലാം ശരിയാണെന്നോ സത്യസന്ധമാണെന്നോ പറയാനോ വിലയിരുത്താനോ ആകില്ല. ലൈംഗിക പീഡനക്കേസിലെ ഇരയ്‌ക്കൊപ്പമുള്ളവരും ബന്ധുക്കളും തെരുവില്‍ സത്യാഗ്രഹം നടത്തേണ്ടി വന്നത് ഒരുപക്ഷേ, കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ സംഭവമാണ്. നിര്‍ഭയ കേസിലെ പോലെ വാട്‌സാപ് കൂട്ടായ്മക്കോ ഡല്‍ഹിയില്‍ തെരുവീഥികളില്‍ സമരം നടത്താനോ കേരളത്തില്‍ ആളുണ്ടായില്ല. കാരണം അത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ഇടത് സഹയാത്രികരും പോരാളികളും തന്നെയാണ് ഇവിടെ പ്രതികളെ രക്ഷിക്കാനും പ്രതികള്‍ക്കൊപ്പം നിലപാട് എടുക്കുന്നതും എന്നതാണ് സത്യം.

ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ആരോപണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതേ രീതിയിലുള്ള ലൈംഗിക ആരോപണങ്ങളില്‍ ക്രൈസ്തവ സഭ നീറിക്കൊണ്ടിരിക്കുകയാണ്. സഭയുടെയും ഇടയന്മാരുടെയും അഭിമാനത്തിനു വേണ്ടി കന്യാസ്ത്രീയുടെ ആരോപണത്തെ തള്ളിപ്പറയാന്‍ സന്യാസിനി സഭയായ മിഷണറീസ് ഓഫ് ജീസസ് തയ്യാറായത് ക്രിമിനല്‍ കുറ്റം കൂടിയാണ്. ഇരയായ കന്യാസ്ത്രീയുടെ ചിത്രം കൂടി പ്രസിദ്ധീകരണത്തിന് നല്‍കി എന്നതു മാത്രമല്ല, ആ കന്യാസ്ത്രീ മോശക്കാരിയാണെന്ന മട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ഇതെല്ലാം സുപ്രീം കോടതി വിധിയുടെയും കോടതി നിര്‍ദ്ദേശങ്ങളുടെയും ലംഘനമാണ്.

കേരളത്തിലെ പന്ത്രണ്ടായിരത്തോളം അച്ചന്മാരും ഇരുപതിനായിരത്തോളം കന്യാസ്ത്രീകളുമാണ് ലോകം മുഴുവന്‍ സുവിശേഷവേലയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. സേവനത്തിന്റെയും ത്യാഗത്തിന്റെയും പേരില്‍ സ്വന്തം മതത്തിലേക്ക് ആളെ കൂട്ടാന്‍ ഈ സന്യസ്തര്‍ ചെയ്യുന്ന വിക്രിയകള്‍ ഏത് ക്രിമിനലുകളെയും തോല്‍പ്പിക്കുന്നതാണ്. മരത്തില്‍ പണിത കുരിശും കല്ലില്‍ തീര്‍ത്ത ദേവീ വിഗ്രഹവും പുഴയിലിട്ട് ശക്തിയുള്ളത് പൊങ്ങിക്കിടക്കുമെന്ന് പറഞ്ഞ് മതപരിവര്‍ത്തനം നടത്തുന്ന രീതിയെക്കുറിച്ച് ഒരു ഇംഗ്ലീഷ് വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുരുകനെ യേശുവിന്റെ രൂപത്തിലാക്കിയ മുരുകേശുവും ചില പള്ളികളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കുമെന്ന വിപണന തന്ത്രം കൊല്ലം ബസ് സ്റ്റാന്‍ഡിനടുന്ന പള്ളിയിലും നാഗമ്പടത്തും എറണാകുളം കലൂരിലും വിജയകരമായി പരീക്ഷിച്ചതാണ്.

ഈ തരത്തില്‍ എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാണെന്നും പാപത്തിന്റെ ശമ്പളം മരണമാണെന്നും പറഞ്ഞ് ഇതര മതസ്ഥരെ സ്വന്തം മതത്തിലേക്ക് ചേര്‍ത്ത് ആളെ കൂട്ടാനുള്ള ശ്രമവും ആത്മസാക്ഷാത്കാരത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു മതത്തിനും ഭൂഷണമല്ല. ഇത്തരം മെത്രാന്മാരെ കുറിച്ച് ബൈബിളിലെ റോമാക്കാര്‍ക്ക് പൗലോസ് എഴുതിയ ലേഖനം 16-ാം അദ്ധ്യായം 17-ാം വാക്യം, ‘നിങ്ങള്‍ക്ക് നല്‍കിയ പഠനങ്ങള്‍ക്ക് വിരുദ്ധമായി ഭിന്നതകളും ക്ലേശങ്ങളും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരില്‍ നിന്ന് അകന്നു നില്‍ക്കുക. നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, സ്വന്തം ഉദരത്തെയാണ് അവര്‍ സേവിക്കുന്നത്. ശുദ്ധമനസ്‌ക്കരുടെ ഹൃദയങ്ങളെ തങ്ങളുടെ ചക്കരവാക്കും മുഖസ്തുതിയും കൊണ്ട് അവര്‍ കബളിപ്പിക്കുന്നു. നിങ്ങളുടെ അനുസരണം പരക്കെ അറിവുള്ളതാണ്. അതില്‍ നിങ്ങളെ കുറിച്ച് ഞാന്‍ ആനന്ദിക്കുന്നു. എന്നാല്‍ നിങ്ങള്‍ നന്മയുടെ കാര്യത്തില്‍ ജ്ഞാനികളും തിന്മയുടെ കാര്യത്തില്‍ നിഷ്‌കളങ്കരുമായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’.

മധുചഷകവും പ്രലോഭനങ്ങളും ഒക്കെയായി മതം വില്‍ക്കാനും അമേരിക്കയില്‍ നിന്ന് എം ജി ഒ കള്‍ എന്ന പേരില്‍ വരുന്ന ഡോളറുകള്‍ ഉപയോഗിച്ച് ഭാരതത്തെ സുവിശേഷവത്കരിക്കാന്‍ നടക്കുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിവിന്റെ പാതയിലേക്ക് മടങ്ങണം. അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും വിശ്വാസത്തിന്റെ തീവ്രതയില്‍ സന്യസ്ത ജീവിതത്തിനായി സേവാവ്രതത്തോടു കൂടി കന്യാസ്ത്രീ മഠങ്ങളിലേക്ക് അയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കാനോന്‍ നിയമം അനുസരിച്ചായാലും രാജ്യത്തിന്റെ നിയമം അനുസരിച്ചായാലും സ്വന്തം മാനം സംരക്ഷിക്കാനും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഉണ്ടെന്ന കാര്യം ക്രൈസ്തവ സഭകള്‍ മറക്കരുത്. ആ മറവിയാണ് അഭയാ കേസ് മുതല്‍ ഇപ്പോഴത്തെ തെരുവിവെ സമരം വരെ എത്തിനില്‍ക്കാന്‍ കാരണം. ഈ പാപികളോടും പൊറുക്കാന്‍ യേശുക്രിസ്തുവിനും പരിശുദ്ധ പിതാവിനും കഴിയട്ടെ.

76 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close