കൊച്ചി: പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രിക്ക് തന്നോട് വ്യക്തിവിരോധമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കന്യാസ്ത്രീക്കെതിരായ പരാമര്‍ശങ്ങള്‍. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കായിരുന്നു. മിഷനറീസ് ഓഫ് ജീസസിന്റ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രിയെ പുറത്താക്കിയിരുന്നു, ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രിയുടെ തെറ്റിദ്ധാരണ. തനിക്കെതിരായി കന്യാസ്ത്രീ കള്ളക്കഥ മെനയുകയാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിക്കുന്നത്. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.
അതേസമയം പീഡനക്കേസില്‍ കന്യാസ്ത്രീയുടെ ഇടവക വികാരിയും നിര്‍ണായക സാക്ഷിയുമായ കോടനാട് പള്ളി വികാരി ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ നിലപാട് മാറ്റി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതായി ഫാദര്‍ പറഞ്ഞു. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്ന് മാസം മുന്‍പ് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവ് പോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍ സഭ ശത്രുക്കളാണ്. തെരുവില്‍ ഇറങ്ങുന്നതിന് മുന്‍പ് അവര്‍ തെളിവ് പൊലീസിന് നല്‍കണമായിരുന്നു. അത് കൈമാറാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും ഫാ.നിക്കോളാസ് പറഞ്ഞു. പീഡനത്തെ കുറിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന നിലപാടായിരുന്നു മുന്‍പ് ഫാദര്‍ സ്വീകരിച്ചിരുന്നത്.