തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് തിരിച്ചടി. മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്‍പ്രകാരം മാണിക്ക് ക്ലീന്‍ചിറ്റും നല്‍കിയിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. വിജിലന്‍സിന്റെ രണ്ടാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതി തള്ളിയത്. തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10ലേക്ക് മാറ്റി.
മാണിക്കെതിരെ കോഴ വാങ്ങിയതിന് തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്കിയ റിപ്പോര്ട്ടിന്മേല് കഴിഞ്ഞ മൂന്ന് മാസമായി വാദം തുടരുകയായിരുന്നു. വി എസ് അച്യുതാനന്ദന്, വി മുരളീധരന് എം പി, അഡ്വ നോബിള്‍ മാത്യു എന്നിവരാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷവുമായി അടുക്കുന്ന സാഹചര്യത്തില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ മാണി യുഡിഎഫിലേക്ക് മടങ്ങിപ്പോയിട്ടും വിജിലന്‍സ് നിലപാട് തിരുത്തിയില്ല.