കൊച്ചി: പീഡനാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് കന്യാസ്ത്രി പീഡന പരാതി നല്‍കിയതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണത്തോട് സഹകരിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കന്യാസ്ത്രീ കള്ളക്കഥകള്‍ മെനയുകയാണെന്നും, വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ബിഷപ്പ് ആരോപിക്കുന്നു. പരാതിയിലിലുള്ളത് അസംബന്ധമായ കെട്ടുകഥകളെന്നും ബിഷപ്പ് പറയുന്നു.
പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല. വ്യക്തിവൈരാഗ്യമാണ് ഇപ്പോഴത്തെ പരാതിയ്ക്ക് പിന്നില്‍. കന്യാസ്ത്രീയുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്ന് കന്യാസ്ത്രിയും ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നും കേരളത്തിലെത്തിയാല്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെന്നും ബിഷപ്പ് ആരോപിച്ചു. മഠത്തിലെ ശല്യക്കാരിയാണ് പരാതിക്കാരി. പൊതുജനങ്ങളും മാധ്യമങ്ങളും തന്നെ ക്രൂശിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറാണെന്നും ബിഷപ്പ് ജാമ്യപേക്ഷയില് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. ജഡ്ജിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഹര്‍ജി ഇന്ന് തന്നെ ഫയല്‍ ചെയ്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.