രാജ്യത്തെ ആദ്യത്തെ വനിത ഐഎഎസ് ഓഫീസര്‍. അന്ന മല്‍ഹോത്രയെന്ന വനിത ഭാരതത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയത് ഇങ്ങനെയാണ്. ഭരണരംഗത്ത് ഇത്തരത്തില്‍ സ്ഥാനം വഹിക്കുന്ന സ്ത്രീകള്‍ അക്കാലത്ത് ആളുകള്‍ക്ക് പരിചിതമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഹൊസൂര്‍ ഗ്രാമത്തില്‍ ജോലിക്കെത്തിയ സബ്കളക്ടറെ കാണാന്‍ സ്ത്രീകള്‍ തടിച്ചുകൂടി. വരുന്നത് എന്തൊക്കെയോ പ്രത്യേകതകളുള്ള സ്ത്രീയാണെന്നായിരുന്നു അവരുടെ വിചാരം. അന്നയെ നേരില്‍ കണ്ടതോടെയാണ് ഗ്രാമത്തിലുള്ളവരുടെ ഈ ചിന്ത മാറിയത്. തങ്ങളെപ്പോലെ തന്നെ അന്നയും ഒരു സാധാരണക്കാരിയാണെന്ന് അവര്‍ക്ക് മനസിലായി. ഈ ചിന്ത വെറുമൊരു ഗ്രാമത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. നമ്മുടെ രാജ്യത്തെ വലിയൊരു ശതമാനം ആളുകളും ഈ ചിന്താഗതിയുള്ളവരായിരുന്നു.
പുരുഷന്മാര് മാത്രം അടക്കിവാഴുന്ന മേഖലയില്‍ അന്നയുടെ രംഗപ്രവേശവും പലര്‍ക്കും അദ്ഭുതമായിരുന്നു. മദ്രാസ് സര്‍വകലാശാലയിലെ ബിരുദാനന്തര പഠനത്തിനിടെ സഹപാഠികളില്‍ ചിലര്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നത് കണ്ടതോടെയാണ് അന്നയ്ക്കും ഇത് ഒന്നു പരീക്ഷിച്ചാല്‍ കൊള്ളാമെന്നു തോന്നിയത്. പക്ഷേ വീട്ടുകാരടക്കം അന്നയുടെ താത്പര്യത്തെ എതിര്‍ത്തു. എതിര്‍പ്പുകളെ മറികടന്ന് അന്ന ആ സ്വപ്ന പദവി സ്വന്തമാക്കി.
ഐഎഎസ് നേടിയ ആദ്യ വനിതയെന്ന നിലയില്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന്റെ അഭിനന്ദനം നേടിയാണ് അന്ന ജോലിക്ക് കയറിയത്. അന്നത്തെ മദ്രാസ് സംസ്ഥാനമാണ് അന്ന ഇതിനായി തിരഞ്ഞെടുത്തത്. പക്ഷേ അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരിയുടെ എതിര്‍പ്പുകള്‍ അന്നക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വനിതകള്‍ ഇത്തരം ഭരണച്ചുമതലകള്‍ ഏറ്റെടുക്കുന്നതിനോട് വിയോജിപ്പുണ്ടായിരുന്ന യാഥാസ്ഥിതികനായിരുന്നു അദ്ദേഹം. പിന്നീട് അതേ രാജാജി തന്നെ അന്നയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തിയെന്നത് ചരിത്രം.
തമിഴ്നാട്ടിലെ ഏഴോളം മുഖ്യമന്ത്രിമാര്‍ക്കൊപ്പം അന്ന ജോലി ചെയ്തു. മദ്രാസ് സര്‍ക്കാരിലെ ആദ്യ വനിത സെക്രട്ടറി, ഇന്ത്യയിലെ ആദ്യ വനിത സബ് കളക്ടര്‍, കേന്ദ്രസര്‍ക്കാരിലെ ആദ്യ വനിത സെക്രട്ടറി എന്നീ റെക്കോര്‍ഡുകളും അന്നക്ക് സ്വന്തമാണ്.
സഹബാച്ചുകാരനായ ആര്.എന്‍.മല്‍ഹോത്രയാണ് അന്നയുടെ ജീവിതപങ്കാളിയായെത്തിയത്. മല്‍ഹോത്രയുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ തീരാനുളള കാത്തിരിപ്പിന് ശേഷം നാല്‍പ്പത് വയസിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന മല്‍ഹോത്ര ഐഎംഎഫില്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് അന്നയെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും മക്കളില്ല. മല്‍ഹോത്രയുടെ മരണശേഷം മുംബൈയിലായിരുന്നു ഇവര്‍ ശിഷ്ടജീവിതം ചിലവഴിച്ചത്.