ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്നിക്കില്‍ വിദ്യാര്‍ഥിനിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായ റാഗിംഗിന് ഇരയാക്കിയിട്ടും നടപടി എടുക്കാതെ അധികൃതര്‍. റാഗിംഗിന് പരാതി നല്കിയ പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കിയാണ് കോളേജ് അധികൃതരുടെ പ്രതികാര നടപടി. ഇരയ്ക്ക് ഒപ്പമല്ല വേട്ടക്കാരുടെ കൂടെയാണ് സര്‍ക്കാരും കോളേജ് അധികൃതരുമെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും ജനം ടിവിയോട് പറഞ്ഞു
ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ കഴിയാത്ത അത്ര ക്രൂരമായിരുന്നു കോളേജിലെ ആദ്യ ദിനമെന്ന് പെണ്‍കുട്ടി പറയുന്നു. ഹോസ്റ്റലിനുള്ളില്‍ വച്ചാണ് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഹോസ്റ്റല്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
കോളേജില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. കോളേജിലെ തന്നെ സീനിയറായ വിദ്യാര്‍ത്ഥിനി ഇതില്‍ പങ്കെടുക്കാനായി നിര്‍ബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. അസുഖമാണെന്നു പറഞ്ഞിട്ടും അത് വകവക്കാതെ കൈക്ക് പിടിച്ച് വലിച്ചു കൊണ്ടു പോവുകയായിരുന്നു. റാലിക്കിടെ വീണെങ്കിലും അവിടെ നിന്നും വലിച്ചെഴുന്നേല്‍പ്പിച്ച് കൊണ്ടു പോവുകയായിരുന്നു. പ്രകടനത്തിന് ഇറങ്ങി എങ്കിലും പിന്നീട് ഹോസ്റ്റലില്‍ നേരിടേണ്ടി വന്നത് കൊടിയ മര്‍ദനങ്ങളായിരുന്നു.
പാര്ട്ടിക്കാര് പറയുന്നത് അനുസരിച്ച് നില്ക്കാന് പറ്റില്ലെങ്കില്‍ നില്‍ക്കണ്ട എന്നായിരുന്നു ആദ്യ ഭീഷണി. പാര്‍ട്ടി ജാഥകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നായിരുന്നു പിന്നീട് ഈ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ നിര്‍ദേശം. ഇതിന് ശേഷം പെണ്‍കുട്ടിക്ക് നേരെ ദേഹോപദ്രവങ്ങള്‍ ആരംഭിച്ചു. കൊടിയ ശാരീരിക പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്.
സംഭവത്തില്‍ വാര്‍ഡനോട് പരാതി പറഞ്ഞെങ്കിലും ഇത്തരം രീതികള്‍ ഇവിടെ സാധാരണമാണെന്നായിരുന്നു മറുപടി. സംഭവം വീട്ടില്‍ അറിയിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പിന്നീട് കുട്ടി തന്നെ ഫോണ്‍ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടനെ തന്നെ എത്തിയെങ്കിലും തൊട്ടടുത്ത ദിവസം മാത്രമാണ് പെണ്‍കുട്ടിയെ കാണാനുള്ള അനുവാദം ഇവര്‍ക്ക് ലഭിച്ചത്.
വിഷയത്തില്‍ ആന്റി റാഗിംഗ് സെല്ലിന് മൊഴി നല്കാന് എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ മാത്രമാണ് ഇവര്‍ക്ക് കോളേജില്‍ നിന്ന് പുറത്തിറങ്ങാനായത്.
https://www.youtube.com/watch?v=S75emwQ6UU0