വാരണാസി: 550 കോടി രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിന് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ സംഘടിപ്പിച്ച ബഹുജന റാലിയിലാണ് പ്രഖ്യാപനമുണ്ടായത്. ഗംഗാശുചീകരണത്തിനും പ്രാധാന്യം നൽകി വരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമഗ്ര വൈദ്യുതി വികസന പദ്ധതി, ബനാറസ് യൂണിവേഴ്സിറ്റി അടൽ ഇൻകുബേഷൻ സെന്റർ, റീജനൽ ഒഫ്താൽ മോളജി സെന്റർ തുടങ്ങി 550 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി വാരണാസിയിൽ തുടക്കം കുറിച്ചത്. വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികളാണ് ബഹുജന റാലിയിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗംഗാ ശുചീകരണത്തിനായി തന്റെ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നു പറഞ്ഞ മോദി ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ഗംഗോത്രി മുതൽ ഗംഗാ സാഗർ വരെയുള്ള നദീതടത്തിന്റെ ശുചീകരണത്തിനായി 21,000 കോടി രൂപയുടെ ബൃഹദ് പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി വാരണാസിയിൽ എത്തിയത്.