കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് ചോദ്യം ചെയ്യും. തൃപ്പൂണിത്തറയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. ഇന്നലെ രാത്രിയോടെയാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തറയിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ്പ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. തൃപ്പൂണിത്തറക്ക് പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യം ചെയ്യലിന് സൗകര്യമൊരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വീണ്ടും നിര്‍ദേശിച്ചേക്കും.
അതേസമയം ബുധനാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കാനാണ് സാധ്യത. അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. കേസില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്വേണ്ട തെളിവുകള്‍ ലഭിച്ചതായാണ് സൂചന.