ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി പരാതി. ഹൈദരാബാദ് സ്വദേശിയായ 29കാരിക്കാണ് ദുരനുഭവം. 2017ലാണ് ഒമാന്‍ സ്വദേശിയായ 62കാരനുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹശേഷം യുവതി ഭര്‍ത്താവിനൊപ്പം ഒമാനിലേക്ക് താമസം മാറി.
ഒമാനിലെത്തിയതിന് ശേഷം തനിക്ക് ദുരിതജീവിതമായിരുന്നുവെന്ന് യുവതി പറയുന്നു. പല രീതിയിലും ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ ഒപ്പം ജീവിക്കണമെന്ന ആഗ്രഹം കൊണ്ട് പലതും സഹിച്ചു. ഇതിനിടയിലാണ് തങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്. പക്ഷേ ആരോഗ്യം കുറവായതിനാല്‍ കുഞ്ഞ് അധികസമയം ജീവിച്ചില്ല. കുഞ്ഞ് മരിച്ചതോടെ തന്നെയും ഉപേക്ഷിച്ചെന്ന് ഭര്‍ത്താവ് പറഞ്ഞു തുടങ്ങിയതായും യുവതി പറഞ്ഞു.
സംഭവത്തിന് ശേഷം 2018 ജൂലൈയില്‍ ഇയാള്‍ യുവതിയെ ഹൈദരാബാദിലേക്ക് തിരിച്ചയക്കുകയായിരുന്നു. ചികിത്സക്ക് പോകണം എന്ന് പറഞ്ഞായിരുന്നു നാട്ടിലേക്ക് അയച്ചത്. തുടര്‍ന്ന് ഓഗസ്ത് 12നാണ് വാട്സ്ആപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചത്. ഇതിന് ശേഷം ഇയാളെ ഫോണിലൂടെ സംസാരിക്കാനും സന്ദേശം അയക്കുവാനും ശ്രമിച്ചുവെങ്കിലും, ഇയാള്‍ ഒന്നിനും മറുപടി കൊടുത്തില്ല.
സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവതി സന്ദേശം അയച്ചിട്ടുണ്ട്.
ഇത്തരക്കാര്‍ സാധാരണക്കാരായ പെണ്‍കുട്ടികളുടെ ജീവിതം വച്ചാണ് കളിക്കുന്നതെന്നും, വിവാഹം കഴിച്ച ശേഷം തലാക്ക് ചൊല്ലി അവരെ എളുപ്പത്തില്‍ ഒഴിവാക്കുകയാണെന്നും യുവതി ആരോപിച്ചു.