കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനമിറക്കിയുള്ള പരിശോധന ഇന്ന് നടക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണ ലാന്‍ഡിങ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ കണ്ണൂരിലെത്തും. 189 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 738 വിമാനമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നത്.
മൂന്നു മണിക്കൂര്‍ നീളുന്ന പരീക്ഷണ പറക്കല്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എയര്‍ ട്രാഫിക് കണ്ട്രോളിന്റെ സഹായത്തോടെയാണ് പരീക്ഷണ പറക്കലും ലാന്‍ഡിങ്ങുകളും നടത്തുക. ആറ് തവണ ലാന്‍ഡിങ്ങ് നടത്തി കാര്യക്ഷമത പരിശോധിക്കും. ഇതിന്റെ റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറും. തുടര്‍ന്നായിരിക്കും വിമാനത്താവളത്തിന് പ്രവര്‍ത്തിക്കാനുള്ള അന്തിമ അനുമതി നല്‍കുക.
ലൈസന്‍സ് നല്കുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നവംബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനാകുമെന്നാണ് കിയാല്‍ അധികാരികളുടെ പ്രതീക്ഷ.