കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 11ന് തൃപ്പൂണിത്തുറയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച ഏഴു മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.
ആദ്യ ദിവസം നല്കിയ മൊഴികള്‍ വിശകലനം ചെയ്താവും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക ചോദ്യാവലിയും പൊലീസ് തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പല മൊഴികളിലും വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാകും കൂടുതല്‍ ചോദ്യം ചെയ്യല്‍. അതേസമയം ബിഷപ്പിന്റെ അറസ്റ്റിനെ കുറിച്ച് വ്യാഴാഴ്ച വൈകിട്ടോടെ തീരുമാനമുണ്ടായേക്കും.